strike

പാലക്കാട്: വന്യമൃഗശല്യത്തിൽ നിന്ന് കൃഷിയെയും കർഷകരെയും സംരക്ഷിക്കുക, ജപ്തി നടപടികളിൽ നിന്നും പിന്മാറുക, കർഷകന്റെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കുക, എല്ലാതരം കൃഷി നാശത്തിനും മതിയായ നഷ്ട പരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിലേക്ക് രാഷ്ട്രീയ കിസാൻ മഹാസംഘ് മറ്റ് സംഘടനകളുടെ സഹായത്തോടെ 18ന് മാർച്ച് നടത്തും. രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിൽ ദേശീയ കർഷക പ്രക്ഷോഭ സമിതി നേതാക്കളായ ശിവകുമാർ കക്കാജി, മജ്ഞിത്ത് സിംഗ് റോയ് എന്നിവരുടെയും നേതൃത്വത്തിൽ കർഷക നേതാക്കൾ പങ്കെടുക്കും. മാർച്ചിന്റെ സമാപനത്തിൽ സെക്രട്ടേറിയറ്റിൽ വന്യമൃഗങ്ങളുടെ അക്രമത്തിൽ മരിച്ചവർക്കായുള്ള അനുസ്മരണ സംഗമവും നിയമലംഘന പ്രഖ്യാപനവും നടത്തുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ജില്ലാ പാലക്കാട് കമ്മിറ്റി യോഗം അറിയിച്ചു. യോഗം രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കല്ലടിക്കോട് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സജീഷ് കുത്തനൂർ, കൊട്ടേക്കാട് വേലായുധൻ, കെ.വാസുദേവൻ, എസ്.അധിരഥൻ, കെ.സുധീർ, വെമ്പല്ലൂർ ഹരിദാസ് എന്നിവർ പങ്കെടുത്തു.