
പട്ടാമ്പി: മണ്ഡലത്തിലെ തിരുവേഗപ്പുറ തെക്കുമല പാടശേഖരത്തിലെ നാറാണത്ത് തോട്ടിൽ നിർമ്മിച്ച പാലത്തോടുകൂടിയ ചിറ 20 ന് നാടിന് സമർപ്പിക്കും. 45 ലക്ഷം രൂപ ചെലവഴിച്ചാണ് ചിറ നിർമ്മാണം പൂർത്തികരിച്ചത്. നാറാണത്ത് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന 12 അടി വീതിയുള്ള പാലത്തോടുകൂടിയാണ് ചിറ നിർമ്മിച്ചിരിക്കുന്നത്. ഏഴ് അടിവീതിയുള്ള നാല് ഷട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. ഭാവിയിൽ രണ്ടടി കൂടി ഉയരത്തിൽ ഷട്ടറുകൾ സ്ഥാപിക്കാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പഞ്ചായത്തിലെ തെക്കുമല പാടശേഖരത്തിലെ കർഷകർക്ക് കൃഷിക്ക് ജലസേചന സൗകര്യമില്ലാത്തത് കർഷകരെ ദുരിതത്തിലാക്കായിരുന്നു. പാടശേഖരത്തിലൂടെ കടന്നുപോകുന്ന നാറാണത്ത് തോട്ടിൽ പാലത്തോട് കൂടിയ ചിറ നിർമ്മാണം പൂർത്തിയായതോടെ ഈ പ്രശ്ത്തിന് പരിഹാരമാവുകയാണ്. 58 ഏക്കർ സ്ഥലത്താണ് ഇവിടെ നെൽകൃഷി നടപ്പാക്കുന്നത്. പ്രധാനമായും രണ്ടാംവിളയാണ് ചെയ്യാറുള്ളത്. രണ്ട് വിള നെൽകൃഷി ഇറക്കിയിരുന്ന ഇവിടെ ജലസേന സൗകര്യത്തിന്റെ കുറവുമൂലം ഒരു വിളയായി ചുരുങ്ങി. മാത്രവുമല്ല പല കർഷകർക്കും കൃഷി ഇറക്കാൻ കഴിയാത്ത സ്ഥിതിയുമായി.കൃഷിയിൽ വിളവ് വരുന്ന വേളയിൽ വെള്ളം എത്തിക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ ഇല്ലാത്തത് കർഷകരെ ദുരിത്തിലാക്കിയിരുന്നു. ഇതിന് പരിഹാരമായാണ് മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ചിറ നിർമ്മാണം നടത്തിയത്. ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണം പൂർത്തിയാക്കിയത്.
സ്വാഗതസംഘം രൂപീകരിച്ചു
പദ്ധതിയുടെ ഉദ്ഘാടനവുമായിബന്ധപ്പെട്ട് സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗത്തിൽ മുഹമ്മദ് മുഹസിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.വി.അനിൽകുമാർ, പരമേശ്വരൻ, വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
ചിറ ഉദ്ഘാടനം 20ന്
മണ്ഡലത്തിലെ തിരുവേഗപ്പുറ തെക്കുമല പാടശേഖരത്തിലെ നാറാണത്ത് തോട്ടിൽ നിർമ്മിച്ച പാലത്തോടുകൂടിയ ചിറ 20ന് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹസിൻ എം.എൽ.എ അദ്ധ്യക്ഷനാവും.