car-
ലക്കിടി റെയിൽവേ ഗേറ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ.

ഒറ്റപ്പാലം: കുഴൽപ്പണ സംഘം സഞ്ചരിച്ചതെന്ന് സംശയിക്കുന്ന കാർ ലക്കിടി റെയിൽവേ ഗേറ്റിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. റോഡരികിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മാരുതി എർട്ടിഗ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാറിന്റെ ഉൾവശം തകർന്ന നിലയിലാണ് ഡാഷ് ബോർഡ് മുഴുവനായും കുത്തിപ്പൊളിച്ചിട്ടുണ്ട്. കാറിനകത്ത് മുളകുപൊടിയും വിതറിയിട്ടുണ്ട്.
കുത്തിപ്പൊളിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരയും സ്‌ക്രൂ ഡ്രൈവറും കാറിൽ നിന്ന് കണ്ടെടുത്തു. മലപ്പുറം മങ്കട കൂട്ടിൽ ഉള്ളാട്ട്പാറ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. കുഴൽപ്പണ സംഘം സഞ്ചരിച്ച കാർ അജ്ഞാതർ തട്ടിയെടുത്ത് ലക്കിടിയിൽ ഉപേക്ഷിച്ചാതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സി.സി ടി.വി ദ്യശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.