mla
മുഹമ്മദ് മുഹ്സിൻ

പട്ടാമ്പി: മണ്ഡത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ വിവിധ ഓഫീസുകളിലെത്തി. മുൻകൂട്ടി അറിയിക്കാതെയായിരുന്നു സന്ദർശനം.
സർക്കാർ ഓഫീസുകളിൽ സർട്ടിഫിക്കറ്റുകൾ തീർപ്പാക്കുന്നതിന് ബോധപൂർവ്വമായ കാലതാമസമുണ്ടെന്ന പരാതി താലൂക്ക് വികസന സമിതിയിൽ ഉയർന്നിരുന്നു. ചില വില്ലേജ് ഓഫീസുകളിലാണ് ഇത്തരത്തിലുള്ള പരാതികൾ പ്രധാനമായും ഉയർന്നത്.

തഹസിൽദാരുടെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരാതികൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വികസന സമിതിയിൽ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. നവംബർ 30 വരെ നൽകിയ അപേക്ഷകളിൽ ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങളില്ലാത്ത സർട്ടിഫിക്കറ്റുകൾ എല്ലാം തന്നെ ലഭ്യമാക്കുകയുണ്ടായി. പരാതികളിൽ ഏതാണ്ട് 90 ശതമാനവും തീർക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരിശോധനയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. ഓഫീസുകളുടെ സുഗമമായ പ്രവർത്തനത്തിന് സാങ്കേതികമായി ആവശ്യമായിട്ടുള്ള ഉപകരണങ്ങളുടെ കുറവ് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. ഇത് പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതാണെന്നു എം.എൽ.എ അറിയിച്ചു. എം.എൽ.എയും തഹസിൽദാർ കിഷോർ, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസീൽദാർ സൈത് മുഹമ്മദ്, മറ്റു ഉദ്യോഗസ്ഥരും എന്നിവരുമായി ഇതുമായി ബന്ധപ്പെട്ട ചർച്ച നടത്തി.