
വടക്കഞ്ചേരി: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറ്റിച്ച പണി, ആദിവാസി കോളനികളെല്ലാം ഇരുട്ടിലാകുന്നു. പന്തലാംപാടത്തിനടുത്തുള്ള രക്കാണ്ടി ആദിവാസി കോളനി ഉൾപ്പെടെ മേഖലയിലെ എല്ലാ ആദിവാസി കോളനികളുടെയും സ്ഥിതിയാണിത്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വാക്ക് പിഴവാണ് ഈ പാവപ്പെട്ട ആളുകളെ ദുരിതത്തിലാക്കിയിട്ടുള്ളത്. ഇപ്പോൾ കുട്ടികൾക്ക് പഠിക്കണമെങ്കിൽ പഴയ മണ്ണെണ്ണവിളക്ക് തന്നെ വേണം. വീടുകളിലെ കറന്റ് ബിൽ കുടിശ്ശിക സംബന്ധിച്ച് രക്കാണ്ടി ആദിവാസി കോളനിയിലെ ശിവൻ മൂപ്പൻ പറയുന്നത് ഇങ്ങനെ 2016 നവംബർ മാസം വരെ വീടുകൾക്കൊന്നും കറന്റ് ബിൽ കുടിശ്ശിക ഉണ്ടായിരുന്നില്ല. എല്ലാ വീട്ടുകാരും കൃത്യമായി ബിൽ അടച്ചിരുന്നു. എന്നാൽ കോളനിക്കാരുടെ നാനാവിധ പരാതികൾക്ക് പരിഹാരം കാണാൻ 2016 ഡിസംബർ 23ന് പത്തോളം വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്ത അദാലത്ത് കോളനിയിൽ നടന്നു. ഇതിൽ പങ്കെടുത്ത കെ എസ് ഇ ബി ഉദ്യോഗസ്ഥരാണ് പറഞ്ഞത് ഇനി മുതൽ വീട്ടുകാർ കറന്റ് ബിൽ അടയ്‌ക്കേണ്ടതില്ലെന്നും ബില്ലെല്ലാം പട്ടികവർഗ വകുപ്പ് വഴി നടക്കുമെന്നും പറഞ്ഞു.
ഇത് വിശ്വസിച്ച് പിന്നീട് അഞ്ചുവർഷത്തോളം ആരും തന്നെ കറന്റ് ബിൽ അടച്ചില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി ഓരോ വീട്ടുകാർക്കും ഏഴായിരം രൂപ മുതൽ പത്തായിരം രൂപ വരെയുള്ള കറന്റ് ബിൽ വന്നുകൊണ്ടിരിക്കുകയാണ്. കുടിശ്ശിക ഒന്നിച്ച് അടയ്ക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്. രക്കാണ്ടി കോളനിയിലെ മാത്രം 10 വീട്ടുകാരുടെ കറന്റ് കണക്ഷൻ കഴിഞ്ഞ ദിവസങ്ങളിലായി വിച്ഛേദിച്ചു. ഈ വീട്ടുകാരെല്ലാം ഇപ്പോൾ ഇരുട്ടിലായി. ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് കറന്റ് ബിൽ അടക്കാൻ തയ്യാറാകുന്നില്ല എന്നതിനാലാണ് കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് വിതരണം ചെയ്യുന്നതെന്ന വിശദീകരണമാണ് ഇപ്പോൾ കെ എസ് ഇ ബി നൽകുന്നത്. നിത്യ ചെലവുകൾക്ക് തന്നെ വഴിയില്ലാതെ കഷ്ടപ്പെടുന്ന തങ്ങളുടെ ബിൽ കുടിശ്ശിക ഒഴിവാക്കി വൈദ്യുതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും കെ എസ് ഇ ബി വഴങ്ങുന്നില്ലെന്ന് പറയുന്നു. വലിയ പഠിപ്പും അറിവും ഇല്ലാത്ത തങ്ങളെ ഇത്തരത്തിൽ പറ്റിക്കരുതായിരുന്നെന്നാണ് കോളനിക്കാർ പറയുന്നത്. അദാലത്തിൽ പങ്കെടുത്ത് ഉറപ്പുനൽകിയ കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ പേരുകൾ ഊരുകൂട്ടത്തിന്റെ മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോളനിക്കാരുടെ പരാതി പരിഹാരത്തിനായി നടത്തിയ അദാലത്ത് ഇപ്പോൾ മുമ്പത്തേക്കാൾ പരാതി കൂടുന്ന സ്ഥിതിയായിരിക്കുകയാണ്.