
ചെർപ്പുളശ്ശേരി: വാണിയംകുളം - കോതകുർശ്ശി റോഡ് നവീകരണ പ്രവൃത്തികൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് പി.മമ്മിക്കുട്ടി എം.എൽ.എ അറിയിച്ചു. 2018ൽ 17 കോടി ചെലവിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നവീകരണം ആരംഭിച്ച വാണിയംകുളം കോതകുറുശ്ശി റോഡ് നിർമ്മാണം നിലച്ചിട്ട് മാസങ്ങളായി. തകർന്ന റോഡിലൂടെയുള്ള യാത്രദുരിതം വർദ്ധിച്ചതോടെ നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ സംഘടനകളുടെയും നേതൃത്വത്തിൽ സമരങ്ങൾ നടത്തിയിരുന്നു. ഇതേതുടർന്ന് പി.മമ്മിക്കുട്ടി എം.എൽ.എ കിഫ്ബി മാനേജിംഗ് ഡയറക്ടർ കെ.എം.എബ്രാഹാം, ജനറൽ മാനേജർ ഷൈല, കെ.ആർ.എഫ്.ബി സുപ്രണ്ട് എൻജിനീയർ കവിത എന്നിവരുമായി നേരിട്ട് നടത്തിയ ചർച്ചയിൽ കരാറുകാരുമായി ബന്ധപ്പെട്ട നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാനായെന്ന് എം.എൽ.എ പറഞ്ഞു.
അവലോകന യോഗത്തിൽ വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗംഗാധരൻ, അനങ്ങനടി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി.ശശി, കെ.ആർ.എഫ്.ബി എക്സികുട്ടീവ് എൻജിനിയർ വിനോദ്, കരാർ കമ്പനി പ്രതിനിധി ഷാഹുൽ എന്നിവർ പങ്കെടുത്തു.