
ചെന്നൈ: തമിഴ്നാട് തഞ്ചാവൂരിലെ മല്ലിപ്പട്ടണത്തിൽ ഭർത്താവിന്റെ രോഗം മാറാൻ സഹോദരിയുടെ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ബലി നൽകിയ സംഭവത്തിൽ യുവതിയടക്കം മൂന്നു പേർ അറസ്റ്റിലായി.
പാലക്കാട് സ്വദേശിയായ മന്ത്രവാജി മുഹമ്മദ് സലീം (48), തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശികളായ ഷർമിള ബീഗം (48), ഭർത്താവ് അസറുദ്ദീൻ (50) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് തഞ്ചാവൂർ മല്ലിപട്ടണത്തെ നസിറുദ്ദീന്റെ ആറുമാസം പ്രായമായ മകളെ വീടിന് പിന്നിലെ മീൻവളർത്തൽ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസിനെ അറിയിക്കാതെ മൃതദേഹം സംസ്‌കരിച്ചു. എന്നാൽ കുഞ്ഞിന്റെ മരണത്തിൽ സംശയം തോന്നിയ അയൽവാസികൾ വില്ലേജ് ഓഫീസർ വഴി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണ് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.
വിദേശത്തായിരുന്ന അസറുദ്ദീന് രോഗബാധിതനായതിനെ തുടർന്ന് ഈയിടെയാണ് നാട്ടിലെത്തിയത്. ഭർത്താവിന്റെ രോഗം മാറാൻ ഷർമിള ബീഗം കൃഷ്ണാഞ്ചിപട്ടണത്തെ മന്ത്രവാദി മുഹമ്മദ് സലീമിനെ സമീപിച്ചു. അസുഖം മാറാൻ ബലി നൽകാനായിരുന്നു നിർദ്ദേശം. ആദ്യം ഇരുപത് കോഴിയെ ബലി നൽകണം. അതുകൊണ്ട് രോഗം മാറിയില്ലെങ്കിൽ ആടിനെയും പിന്നീട് മനുഷ്യനെയും ബലി നൽകാൻ മന്ത്രവാദി നിർദ്ദേശിച്ചു.
ഇത്പ്രകാരം കോഴിയേയും ആടിനെയും ഷർമിള ബലി നൽകി. എന്നിട്ടും ഭർത്താവിന് അസുഖം മാറുന്നില്ലെന്ന് കണ്ട
ഷർമിള കഴിഞ്ഞ ബുധനാഴ്ച രാത്രി അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത് വീടിന് പിന്നിലെ മീൻകുളത്തിൽ മുക്കികൊല്ലുകയായിരുന്നു. പിന്നീട് ഒന്നും അറിയാത്ത പോലെ തിരികെയെത്തി ഉറങ്ങി.
പൊലീസ് വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ഷർമിള കുറ്റം സമ്മതിച്ചത്. കൊലപാതക പ്രേരണാക്കുറ്റം ചുമത്തിയാണ് മന്ത്രവാദിയെ അറസ്റ്റ് ചെയ്തത്.