
അഗളി: അട്ടപ്പാടിക്ക് വേണ്ടി വിവിധ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കുന്ന പ്രവർത്തന പദ്ധതികളുടെ ആക്ഷൻ പ്ലാൻ ജനുവരി 15 നകം നടപ്പാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. അട്ടപ്പാടിയിൽ സംഘടിപ്പിച്ച അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ആദിവാസികളെ സ്വയംപര്യാപ്തരാക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുക. കാർഷികമേഖലയിൽ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിന് കൃഷി വകുപ്പ് കൃത്യമായ ഇടപെടൽ നടത്തണം. ആരോഗ്യമേഖലയിൽ നിലവിലുള്ള സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. ആദിവാസി വിഭാഗത്തിലെ ആരോഗ്യം സംബന്ധിച്ചുള്ള മോണിറ്ററിംഗ് നിർബന്ധമാക്കണം. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഇടപെടൽ കാര്യക്ഷമമാക്കണമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് സോളാറിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം. ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് കൃത്യമായ ഇടപെടൽ നടത്താൻ കഴിയും. അട്ടപ്പാടിയിലെ ആദിവാസി കർഷകരുടെ എണ്ണവും അവർ ചെയ്യുന്ന കൃഷിയും അവരുടെ ഭൂമിയും സംബന്ധിച്ചുള്ള കണക്കുകളും ശേഖരിക്കും.
തദ്ദേശസ്ഥാപന പ്രതിനിധികൾ അവരുടെ വാർഡ്തല പ്രവർത്തനങ്ങൾ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കണം. അട്ടപ്പാടി മേഖലയിലെ ഡി അഡിക്ഷൻ സെന്ററുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം. ഡി അഡിക്ഷൻ സെന്ററുകളിലെ ആദിവാസികൾക്ക് ഒപ്പം നിൽക്കുന്നതിന് ബൈ സ്റ്റാൻഡേഴ്സിനെ അനുവദിക്കുന്നതിന് ഹെൽത്ത് വോളണ്ടിയേഴ്സ്, പട്ടികവർഗവകുപ്പ് എന്നിവർ നടപടി സ്വീകരിക്കും.
അട്ടപ്പാടിയിലെ മുഴുവൻ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും ഒന്നിച്ചുകൂടിയുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കണം. അട്ടപ്പാടിയിൽ അനുയോജ്യമായ സ്ഥലം ലഭിക്കുകയാണെങ്കിൽ സ്‌പോർട്സ് സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ പരിഗണിക്കും. ആദിവാസി വിഭാഗത്തിലെ കുട്ടികളെ പൊലീസ്, എൻ.സി.സി എന്നീ വിഭാഗങ്ങളിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് അവർക്ക് ആത്മവിശ്വാസം നൽകും.
ആദിവാസി മേഖലയിലെ മികച്ച വിദ്യാഭ്യാസം ഉള്ളവരെ പഞ്ചായത്ത്, ആശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിയമിക്കണം. ഇവർക്കുള്ള ഓണറേറിയം പട്ടികജാതി പട്ടിക വർഗവികസന വകുപ്പ് നൽകും. ഇത് ആദിവാസി യുവാക്കൾക്ക് തൊഴിൽ പരിചയം നേടാനുള്ള അവസരമാവും. ചുരം റോഡ് നവീകരണത്തിന് അടുത്തമാസം വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുന്നുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം കേന്ദ്രം ത്രിതല പഞ്ചായത്തുകൾ ഉൾപ്പെടെയുള്ളവർ ഫണ്ട് നൽകുന്ന പദ്ധതിയുടെ ഗുണഭോക്തൃ വിഹിതം 10 ശതമാനമാണ്. ഈ തുക അടയ്ക്കാൻ കഴിയാത്തവർക്ക് തുക വകുപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു.
എൻ. ഷംസുദ്ദീൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, ജില്ലാ കളക്ടർ മൃൺമയി ജോഷി, ഒറ്റപ്പാലം സബ് കളക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ ശിഖ സുരേന്ദ്രൻ, ഐ.ടി.ഡി.പി. ഓഫീസർ സുരേഷ് കുമാർ , എക്‌സൈസ്, ആരോഗ്യം, വനം, പഞ്ചായത്ത്, കുടുംബശ്രീ, പോലീസ്, പി.ഡബ്ല്യു.ഡി, കൃഷി, എൻ. എച്ച്.എം, പിന്നാക്ക ക്ഷേമം, സാക്ഷരതാ മിഷൻ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ആദിവാസികളെ സ്വയംപര്യാപ്തരാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും
പൊലീസ്, വനംവകുപ്പ്, എക്‌സൈസ് വകുപ്പുകൾ ഒന്നിച്ച് അട്ടപ്പാടിയിൽ പ്രവർത്തിക്കും.
എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് ജലജീവൻ മിഷൻ പദ്ധതി പ്രയോജനപ്പെടുത്തും.
ആയുർവേദം, ഹോമിയോപ്പതി, അലോപ്പതി വകുപ്പുകൾ ചേർന്ന് അട്ടപ്പാടിക്കായി ആരോഗ്യ പദ്ധതികൾ നടപ്പാക്കും.