
നഗരപരിധിയിൽ 12 തീപിടിത്തം
പാലക്കാട്: വേനൽ തുടങ്ങുന്നതുമുമ്പേ ജില്ലയിലെ പലയിടത്തും തീ പിടിത്തം റിപ്പോർട്ട് ചെയ്ത് തുടങ്ങി. ഡിസംബർ 20 പിന്നിടുമ്പോഴേക്കും 30 തീപിടിത്തമാണ് റിപ്പോർട്ട് ചെയ്തത്. ഇൻസിഡന്റ് കോളുകൾ 59 എണ്ണവും റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ നഗരപരിധിയിൽ മാത്രം 12 ഫയർ കോളുകളും 11 ഇൻസിഡന്റ് കോളുകളും റിപ്പോർട്ട് ചെയ്തതായി അധികൃതർ പറഞ്ഞു. വരുംമാസങ്ങളിൽ ചൂട് കൂടുന്നതിനനുസരിച്ച് തീപിടിത്തം വർദ്ധിക്കാൻ സാധ്യതയേറെയാണ്. ജനങ്ങളുടെ അശ്രദ്ധയാണ് മിക്ക തീപിടിത്തത്തിന് കാരണമാകുന്നത്. പാതയോരങ്ങളിലെ മാലിന്യങ്ങൾ കത്തിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. പൊതുജനങ്ങൾ ഇത്തരം പ്രവൃത്തികളിൽ നിന്ന് പിന്മാറണമെന്നും അധികൃതർ പറഞ്ഞു.
ചൂട് കൂടിയാൽ വെള്ളത്തിനും ക്ഷാമം
സാധാരണ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് തീപിടിത്തം കൂടുതൽ. വേനൽ കടുക്കുന്നതോടെ വെള്ളത്തിന്റെ ലഭ്യത കുറയും. നിലവിൽ ഫയർ ടാങ്കുകളിൽ വെള്ളം നിറയ്ക്കുന്നത് കനാലുകൾ വഴിയാണ്. മലമ്പുഴയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഫ്ളോട്ട് പമ്പ് ഉപയോഗിച്ചാണ് വെള്ളം ശേഖരിക്കുന്നത്. ക്ഷാമം നേരിടുന്ന സമയങ്ങളിൽ പൊതുജലാശയങ്ങൾ കൂടാതെ സ്വകാര്യ കിണറുകളെകൂടി ആശ്രയിക്കേണ്ടി വരും.
ശ്രദ്ധിക്കണേ
●വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.
●മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
●പറമ്പുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക.
●ചപ്പുചവറുകൾ കത്തിക്കുമ്പോൾ തീ പൂർണമായി അണയ്ക്കാതെ പരിസരത്തു നിന്നു മാറരുത്.
●സ്ഥാപനങ്ങൾക്ക് ചുറ്റും ഫയർലൈൻ ഒരുക്കുകയും തീ അണയ്ക്കാനുള്ള ഉപകരണങ്ങൾ ഉറപ്പാക്കുകയും ചെയ്യുക.
●രാത്രിയിൽ തീ ഇടാതിരിക്കുക.
സ്റ്റേഷൻ- ഫയർകോൾ- ഇൻസിഡന്റ്കോൾ (ഡിസംബർ 20 വരെ)
പാലക്കാട്- 12- 11
കഞ്ചിക്കോട്- 05- 13
ആലത്തൂർ- 02- 01
ഷൊർണൂർ- 02- 03
മണ്ണാർക്കാട്- 04- 10
വടക്കഞ്ചേരി- 01- 03
ചിറ്റൂർ- 01- 05
കൊല്ലങ്കോട്- 01- 04
കോങ്ങാട്- 01- 04
പട്ടാമ്പി- 01- 05
വേനൽ കനക്കുന്നതിനു മുമ്പേ വീട്, സ്ഥാപനങ്ങൾ എന്നിവിടങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക. ഇത്തരം സ്ഥലങ്ങളുടെ പരിസരത്ത് മാലിന്യങ്ങളും മറ്റും കൂട്ടിയിട്ട് കത്തിക്കാതിരിക്കുക. ഒഴിഞ്ഞ പറമ്പുകളിലെ കുറ്റിച്ചെടികളും പുല്ലും കത്തിക്കുമ്പോൾ തീ അണഞ്ഞു എന്ന് ഉറപ്പുവരുത്തണം. ചെറിയ തീപൊരി മതി വലിയ അപകടങ്ങൾ ഉണ്ടാകാൻ.
- വി.കെ. ഋതീജ്, ജില്ലാ ഫയർ ഓഫീസർ, പാലക്കാട്.
കൊഴിഞ്ഞാമ്പാറയിൽ തുണി കടയ്ക്ക് തീപിടിച്ചു.
കൊഴിഞ്ഞാമ്പാറ ടൗണിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന് തീപിടിച്ച് ലക്ഷങ്ങൾ വില വരുന്ന തുണിത്തരങ്ങൾ പൂർണമായും അഗ്നിക്കിരയായി. കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് സംഭവം. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിനു എതിർവശത്തുള്ള എ.എൻ.യു ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന 'വിനായക ഡ്രസ്' എന്ന വസ്ത്ര വ്യാപാര സ്ഥാപനമാണ് അഗ്നിക്കിരയായത്. വൈകീട്ട് ഏഴു മണിയോടെ ഉടമസ്ഥനായ ആർ.വി.പി പുതൂർ സ്വദേശി കതിരേശൻ കട അടച്ച് പോയിരുന്നു. അതിനു ശേഷമാണ് തീ പടർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. ചിറ്റൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. കൊഴിഞ്ഞാമ്പാറ പൊലീസും കഞ്ചിക്കോട്ട് നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചിറ്റൂർ സ്റ്റേഷൻ സീനിയർ ഫയർ ഓഫീസർ പി.വി.പ്രസാദ്, കഞ്ചിക്കോട് സീനിയർ ഓഫീസർ പി.ഒ.വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഗ്രേഡ് സീനിയർ ഫയർ ഓഫീസർമാരായ വി.ശിവൻ, അബു സാലിഹ്, എസ്.അഭിരാജ്, എം.വിനോദ്, വി.മുകേഷ്, കെ.സുനിൽകുമാർ, വി.കൃഷ്ണദാസ്, ബി.സുഭാഷ്, എച്ച്.ജി.അബ്ദുൽ റസാഖ്, കെ.രാമചന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.