
രാഷ്ട്രീയത്തിന്റെ പേരിൽ ഡിസംബറിൽ മാത്രം കേരളത്തിൽ നടന്നത് മൂന്ന് കൊലപാതകങ്ങൾ. ഡിസംബർ രണ്ടിന് പത്തനംതിട്ടയിൽ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപ്, 18ന് ആലപ്പുഴയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ, ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസൻ. അവസാനത്തെ രണ്ട് കൊലപാതകങ്ങൾക്കും ഇടയിലെ ഇടവേള മണിക്കൂറുകൾ മാത്രമാണെന്നത് കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. ആലപ്പുഴ സംഭവത്തോടെ ഒരിക്കൽക്കൂടി കേരളം അക്രമ - കൊലപാതക രാഷ്ട്രീയത്തെ സജീവ ചർച്ചാവിഷയമാക്കിയിരിക്കുകയാണ്. ആലപ്പുഴയിലെ ഷാനിന്റെയും രൺജിത്ത് ശ്രീനിവാസന്റെയും അരുംകൊല അവസാനത്തേതാകാൻ ഐക്യപ്പെടുമോ? എന്നതാണ് ചർച്ചകൾക്കൊടുവിൽ ഉയരുന്ന വലിയ ചോദ്യം. ഉത്തരം തേടുന്ന ജീവന്റെ വിലയുള്ള ചോദ്യം.
2020ൽ തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ കെ.കെ.രമ ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. 'അവസാനിക്കുന്നില്ലല്ലോ ഈ കൊലപാതകങ്ങൾ.... തിരുവോണ നാളിൽ ചോര പൂക്കളമാണോ കാണേണ്ടി വന്നത്... രണ്ടു കുടുംബങ്ങളെ വീണ്ടും അനാഥമാക്കിയിരിക്കുന്നു. കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.' ഈ വരികൾ ഇപ്പോഴും കേരളത്തോട് അക്രമ രാഷ്ട്രീയത്തെയും ഒടുങ്ങാത്ത കൊലപാതക രാഷ്ട്രീയത്തെയും കുറിച്ച് നിരന്തരം സംവദിക്കുന്നുണ്ട്. രമയെപ്പോലെ ഇതുപറയാൻ അർഹരായ നിരവധി ആളുകളുള്ള നാടാണ് നമ്മുടെ കേരളം.
ഇവിടെ ആലപ്പുഴയിലും ജീവിത പങ്കാളികളെ നഷ്ടമായ രണ്ട് സ്ത്രീകളുണ്ട്. പിതാവിനെ നഷ്ടമായ നാല് പെൺകുട്ടികളും. രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന ഈ കൊലപാതകങ്ങളിൽ അനാഥരാക്കപ്പെട്ട ഈ ആറ് ജീവിതങ്ങളോടും അവരുന്നയിക്കുന്ന ചോദ്യങ്ങളോടും മറുപടി പറയാൻ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി മരിച്ചുവീണവരുടെ ഉറ്റവർ കാലങ്ങളായി ചോദിക്കുന്ന ചോദ്യങ്ങൾ ഇതാണ് എന്നവസാനിപ്പിക്കും ഈ കൊലപാതക രാഷ്ട്രീയം..... ആര് അവസാനിപ്പിക്കും ?
കൊല്ലുന്നവരും കൊല്ലിക്കുന്നവരും വേണ്ട
രാഷ്ട്രീയ പ്രവർത്തനം രാഷ്ട്രത്തിനും അതുവഴി ജനങ്ങൾക്കും ഉപകാരപ്പെടുന്നതാകണം. മറിച്ച് ആഗ്രഹിക്കുന്നവർക്ക് മാത്രമേ ആശയ പ്രതിയോഗികളുടെ നെഞ്ചിൽ അറപ്പില്ലാതെ കഠാര കുത്തിയിറക്കുന്ന പ്രാകൃതരീതി പിന്തുടരാൻ സാധിക്കൂ. നിർഭാഗ്യവശാൽ, കേരളവും എത്രയോ പതിറ്റാണ്ടുകളായി ഇതേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ആശയപരമായി മറുവശത്തു നില്‌ക്കുന്നവർ പോലും പരസ്പരം സ്‌നേഹം പങ്കുവയ്ക്കുന്നതാകണം രാഷ്ട്രീയം. തർക്കങ്ങൾ കൊന്നുതീർത്തു കളയാമെന്ന് വിചാരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് ഒരു ജനാധിപത്യ പുരോഗമന സമൂഹത്തിന്. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാകണം വർത്തമാനകാലത്തിന്റെ രാഷ്ട്രീയം. അങ്ങനെയൊരു രാഷ്ട്രീയ പരിസരത്ത് ഗുണ്ടാ പ്രവർത്തനങ്ങൾക്കും പ്രവർത്തകർക്കും പ്രസക്തിയുണ്ടാകില്ല. രാഷ്ട്രീയവും അതിന്റെ മൂല്യങ്ങളും അറിയാത്തവർ അരങ്ങൊഴിയുന്ന, ജീവന്റെ രാഷ്ട്രീയം പഠിപ്പിക്കുന്ന രാഷ്ട്രീയത്തിനായുള്ള മുന്നിട്ടിറക്കം അനിവാര്യമാണ്.
കൊല്ലുന്നവരും കൊല്ലിക്കുന്നവരും നമുക്ക് വേണ്ട എന്ന് തീരുമാനിക്കാൻ നമ്മുടെ സമൂഹത്തിന് കഴിയണം. പക്ഷേ, അധാർമിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കപ്പെടുന്ന പാർട്ടികളുടെ പ്രവർത്തകരുള്ള ഇടങ്ങളിൽ അത് സാദ്ധ്യമോയെന്നാണ് അറിയാനുള്ളത്. ഇരുട്ടിന്റ മറവിൽ നന്മയെ തോല്‌പിച്ചു കളയുന്നവരാണ് അവർ. രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾക്ക് ശേഷം ഇത് അവസാനത്തേതാകണമെന്ന് എല്ലാവരും ഭംഗിവാക്ക് പറയാറുണ്ട്. അത് ഒരിക്കലും നടക്കാത്ത കാര്യമായി അവശേഷിക്കുന്നു.
നടപ്പാക്കാൻ ഒരു വഴി മാത്രമേയുള്ളൂ. പൊലീസ് യാതൊരു രാഷ്ട്രീയ സ്വാധീനത്തിനും അടിമപ്പെടാതെ യഥാർത്ഥ പ്രതികളെ പിടിക്കുക. ഓരോ കൊലപാതകത്തിന് പിന്നിലെയും ആസൂത്രകരെയും കൊലപാതകത്തിൽ പങ്കെടുത്ത ജില്ലാ/ സംസ്ഥാന നേതാക്കളുടെ പങ്കും വെളിച്ചത്തുകൊണ്ട് വരണം. കുറ്റവാളികൾ എത്ര ജനസ്വാധീനമുള്ള നേതാക്കളായാലും ശിക്ഷ ഉറപ്പുവരുത്തണം.
പൊലീസിന്റെ വീഴ്ച തന്നെയാണ് ഇത്തരം കൊലപാതകങ്ങളുടെ തുടർച്ചയ്ക്ക് കാരണം. അതോടൊപ്പം കൊലപാതകക്കേസിലെ പ്രതികൾക്ക് ജയിലിലും പുറത്തും സമൂഹമാദ്ധ്യമങ്ങളിലും കൊടുക്കുന്ന വീരപരിവേഷവും. ഏതു പാർട്ടിയുടെ പ്രവർത്തകരായാലും ആയുധമെടുത്ത് മറ്റൊരു ജീവൻ ഇല്ലാതാക്കുന്നവന് പൊതുപ്രവർത്തനത്തിനോ, രാഷ്ട്രീയപ്രവർത്തനത്തിനോ അർഹതയില്ല. വെറും സാമൂഹ്യവിരുദ്ധർ മാത്രമാണ് അവർ.
ആര് അവസാനിപ്പിക്കും?
കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കണം. ജാഗ്രതയോടെ സർക്കാരും പൊലീസും ഇടപെടണം. 'പൊതുരാഷ്ട്രീയത്തിൽ അപ്രസക്തരായവർ ഒരു ഇടം കണ്ടെത്തുന്നതിന് നടത്തുന്നതാണ് ഈ കൊലപാതകം. വർഗീയതയുടെ കെണിയിൽ മലയാളികൾ വീഴരുത് ' - പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
'കേരളത്തെ ചോരക്കളമാക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളുടെ തീക്കളിക്കെതിരെ ജാഗ്രതയോടെ രംഗത്ത് വരണം' - സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഇത്തരം മുന്നറിയിപ്പുകൾ മാത്രം പോര, കൊലപാതക രാഷ്ട്രീയം എങ്ങനെ അവസാനിപ്പിക്കണമെന്ന് കൂടി പറയാനും അതിന് മുൻകൈയെടുക്കാനും രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ഭൂമി ജീവിക്കാൻ കൊള്ളാവുന്ന ഇടമാണെന്ന് മനുഷ്യരെ ബോദ്ധ്യപ്പെടുത്തുന്ന നന്മയുടെ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾ മുന്നിട്ടിറങ്ങണം.
സഞ്ജിത്ത് കൊല്ലപ്പെട്ടിട്ട് 37 നാൾ
ആർ.എസ്.എസ് സ്വയംസേവകൻ സഞ്ജിത്തിന്റെ കൊലപാതകം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നല്‌കി. സഞ്ജിത്തിന്റെ ഭാര്യ അഷികയാണ് കോടതിയെ സമീപിച്ചത്. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ല. യഥാർത്ഥ പ്രതികളെ ഇതുവരെ പിടികൂടാൻ സാധിക്കാത്തതിനാലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിനിറങ്ങുന്നതെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
''കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ ഒരു പ്രതിയെ പിടികൂടി. പിന്നാലെ രണ്ട് പേരെയും അറസ്റ്റ് ചെയ്തു. അന്ന് ഇവരെ കൃത്യമായി ചോദ്യം ചെയ്തിരുന്നെങ്കിൽ മുഴുവൻ പ്രതികളെയും പിടികൂടാനാകുമായിരുന്നു. ആരെയെങ്കിലും പിടികൂടിയതു കൊണ്ടായില്ല . യഥാർത്ഥ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം"' - അമ്മ സുനിതയും അച്ഛൻ ആറുച്ചാമിയും പറയുന്നു.
കഴിഞ്ഞ മാസം 15നാണ് ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സഞ്ജിത്തിനെ മമ്പ്രത്ത് വച്ച് കാറിലെത്തിയ അഞ്ചംഗ സംഘം ബൈക്കിടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം രാഷ്ട്രീയ വൈരാഗ്യമാണെന്നു ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചിരുന്നു. സഞ്ജിത്ത് വധക്കേസിൽ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളായ മൂന്ന് പേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെയും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാളെയുമാണു പിടികൂടിയത്. കേസിൽ ആകെ എട്ട് പ്രതികളുണ്ടെന്നു പൊലീസ് പറയുന്നുണ്ടെങ്കിലും രണ്ടാഴ്ചയായിട്ടും ബാക്കി ഒരാളെപ്പോലും പിടികൂടാനായില്ല. പൊലീസ് സംസ്ഥാനത്തിനു പുറത്തും അകത്തും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും കേസിൽ മുഖ്യപ്രതി ഉൾപ്പെടെ ഇപ്പോഴും ഒളിവിലാണ്. ഇവർ നിരീക്ഷണത്തിലാണെന്നും ഉടൻ അറസ്റ്റിലാകുമെന്നുമാണു പൊലീസ് വാദം.