puzha

ഷൊർണൂർ: ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികളിലേക്ക് മലിന ജലം ഒഴുകിയെത്തുന്നത് തടയാനാകാതെ അധികൃതർ. പുഴയിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്നും കോളിഫാം ബാക്ടീരിയയുടെ അമിതമായ സാന്നിധ്യമുണ്ടെന്നുമുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടുകൾക്കും പുല്ല് വിലയാണ് ആരോഗ്യ വകുപ്പും ജല അതോറിറ്റിയും കൽപ്പിക്കുന്നത്.

പുഴയുടെ ഇരുകരകളിലുമുള്ള നഗര, ഗ്രാമ പ്രദേശങ്ങളിലുള്ള മാർക്കറ്റുകൾ, ഹോട്ടലുകൾ തുടങ്ങിയവയിൽ നിന്ന് അശാസ്ത്രീയമായ രീതിയിൽ പുറന്തള്ളുന്ന ജൈവ മാലിന്യങ്ങൾ പുഴയുടെ മലിനീകരണത്തിന് കാരണമാകുന്നുണ്ടെന്നും ദേശീയ ഹരിത ട്രൈബ്യുണലിന്റെ ഉത്തരവ് പ്രകാരം ഭാരതപ്പുഴയുടെ മലിനീകരണം സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി അഞ്ചംഗ വിദഗ്ദ്ധ സമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ അഞ്ച് വർഷം പിന്നിട്ടിട്ടും പുഴയിലെ മലിനീകരണം കൂടി വരികയല്ലാതെ യാതൊരു നടപടികളും കൈ കൊണ്ടിട്ടില്ല.

വള്ളത്തോൾ നഗർ പഞ്ചായത്തിലെ ചെറുതുരുത്തി ഭാഗത്ത് പുഴയോരത്തുള്ള ഹോട്ടലുകളുടെ പുറകു വശത്തുള്ള അഴുക്കുചാൽ വഴി മലിന ജലം പുഴയിലേക്കൊഴുക്കുന്നത് നിറുത്തലാക്കാൻ പഞ്ചായത്ത് അധികൃതർ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളും ധാരാളമായി പുഴയിലേക്ക് തള്ളുന്നു. ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ള സ്‌ത്രോതസ്സായ പുഴവെള്ളം ഉപയോഗിക്കുന്നവർ മാറാ രോഗികളായി മാറിയേക്കാവുന്ന അവസ്ഥയുള്ളപ്പോഴും അതീവ ജാഗ്രത കൈ കൊള്ളേണ്ട അരോഗ്യ വകുപ്പ് മൗനത്തിലാണ്.

............................

മതിമറന്ന് മണൽക്കൊള്ള

പുഴയിലെ വെള്ളം സ്വയം ശുദ്ധി ചെയ്യുന്ന വാട്ടർ ബെഡ്ഡായ മണൽ ശേഖരം കൊള്ള ചെയ്യുന്നതിന് ഒത്താശയും പദ്ധതികളുമൊരുക്കുകയാണ് ബന്ധപ്പെട്ട അധികൃതരന്ന് ആക്ഷേപമേറെയാണ്.

ഷൊർണൂർ തടയണ കൊച്ചിൻ പാലം ഉൾപ്പെടുന്ന ഭാഗം തുടങ്ങി പുഴയുടെ ദേശമംഗലം, കൊണ്ടയൂർ, വറവട്ടൂർ , ചെങ്ങണംകുന്ന് റെഗുലേറ്റർ പരിധി വരെ വ്യാപകമായ മണൽ കൊള്ളയാണ് നടക്കുന്നത്. മണൽ നഷ്ടപ്പെട്ട പുഴയിൽ പുൽമേടുകളും, വൃക്ഷങ്ങളും വളർന്ന് കുന്നിൻ പ്രദേശ തുല്യമായി മാറിക്കഴിഞ്ഞു. സർക്കാർ ഏജൻസികൾ തന്നെ മുന്നിട്ടിറങ്ങിയാണ് ചെളി നീക്കം ചെയ്യൽ എന്ന പേരിൽ ഇപ്പോൾ മണൽ കൊള്ള നടത്തി കൊണ്ടിരിക്കുന്നത്. ഷൊർണൂർ തടയണയുടെ വൃഷ്ടിപ്രദേശത്തു നിന്നും, ചെങ്ങണാംകുന്ന് റെഗുലേറ്റർ പ്രദേശത്തു നിന്നും ചെളി നീക്കം ചെയ്യലിന്റെ മറവിൽ നടന്നത് കോടികളുടെ മണൽ കൊള്ളയാണ്. തമിഴ്നാടുൾപ്പടെയുള്ള അന്യ സംസ്ഥാനങ്ങളിലേക്ക് കേരളത്തിലെ കർശനമായ ലോക്ക് ഡൗൺ കാലത്തു പോലും മണൽ കടത്തി പോയിരുന്നു.