 
ചിറ്റൂർ: തത്തമംഗലം ഗവ. സീലി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ലാപ്‌ടോപ്പ് വിതരണവും 'കരുത്ത്' പദ്ധതി ഉദ്ഘാടനവും മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായാണ് നാല് വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തത്. പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനായുള്ള കായിക പരിശീലന പരിപാടിയാണ് കരുത്ത്. തുടർന്ന് തയ്‌ക്കോണ്ടോ പരിശീലനം പൂർത്തിയാക്കിയ 23 വിദ്യാർത്ഥികൾക്കുള്ള ബാഡ്ജ് വിതരണവും സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു.
പരിപാടിയിൽ ചിറ്റൂർ - തത്തമംഗലം നഗരസഭാ വൈസ് ചെയർമാൻ എം. ശിവകുമാർ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷീജ, കെ. സുമതി, വാർഡ് കൗൺസിലർ കെ. മധു, പി.ടി.എ പ്രസിഡന്റ് കെ. ഘോഷ്, പ്രിൻസിപ്പൽ വി. വഹീദ ഭാനു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എം.എ. അസീസ്, ഹെഡ്മിസ്ട്രസ് എം.എസ്.ലത, എസ്.എം.സി ചെയർമാൻ കണ്ണൻകുട്ടി, സീനിയർ അസിസ്റ്റന്റ് എസ്. സുനിത തുടങ്ങിയവർ സംസാരിച്ചു.