dam

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ചിറക്കൽപ്പടി റോഡിന്റെ നവീകരണം നടന്നില്ല. കരാറുകാരനെ കരിമ്പട്ടികയിൽ ചേർക്കാൻ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി കെ. ശാന്തകുമാരി എം.എൽ.എ പറഞ്ഞു.

കഴിഞ്ഞ നാലിന് എം.എൽ.എ, കിഫ് ബി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ യോഗം നടന്നിരുന്നു. ഡിസംബർ പതിനഞ്ചിനകം പ്രവൃത്തി തുടങ്ങാനും എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും ഉദ്യോഗസ്ഥർക്ക് കെ. ശാന്തകുമാരി എം.എൽ.എ കാഞ്ഞിരപ്പുഴ ഡാം ടി.ബിയിൽ നടന്ന യോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു. റോഡിന്റെ പ്രവർത്തനത്തിൽ ഇനി ഏതെങ്കിലും തരത്തിൽ അനാസ്ഥ കാണിക്കുകയാണെങ്കിൽ ശക്തമായ നടപടിയും കരാറുകാരന് കരിമ്പട്ടികയിൽപെടുത്തുമെന്നും എം.എൽ.എ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ തുടരുന്ന അവസ്ഥ ഇനി അനുവദിക്കാനാവില്ലെന്ന് എം.എൽ.എ യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ പാതിയാക്കി കരാറുകാരൻ തടിതപ്പി.

കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ, വൈസ് പ്രസിഡന്റ് സിദ്ദിഖ് ചേപ്പോടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പ്രദീപ്, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, കിഫ്ബി ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്.

റോഡു നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് നിർദേശം പലപ്പോഴായും നൽകിയിട്ടുണ്ടെന്നും കരാറുകാരുമായുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും മഴ മാറുന്നതോടെ നവീകരണം വേഗത്തിലാക്കുമെന്നും ഈയ്യിടെ സന്ദർശനം നടത്തിയ കിഫ്ബി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നതാണ്. എന്നാൽ ഒന്നും നടന്നില്ല. തുടർന്നാണ് കെ.ശാന്തകുമാരി എംഎൽഎ അടിയന്തിര യോഗം വിളിച്ച് ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകിയത്.

കരാറുകാരനെ കരിമ്പട്ടികയിൽ ചേർക്കാൻ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിർദേശം പാലിക്കപെടാത്തതിനാൽ രണ്ട് മാസത്തിനുള്ളിൽ പുതിയ കരാറുകാരെ കണ്ടെത്തി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

- കെ. ശാന്തകുമാരി എം.എൽ.എ