crime

വടക്കഞ്ചേരി: തൃശൂർ നടുവിൽമഠം ദേവസ്വത്തിന്റെ പുതുക്കോട്ടുള്ള ഭൂമികൾ സ്വകാര്യ വ്യക്തികൾ കൈയ്യേറിയതായി പരാതി. തൃശൂർ നടുവിൽമഠം ദേവസ്വം മാനേജർ എടമന വാസുദേവൻ നമ്പൂതിരിയാണ് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന് പരാതി നൽകിയിരിക്കുന്നത്. നിയമപ്രകാരം കുടിയാൻമാർക്കും കൈവശക്കാർക്കും പതിച്ചുകൊടുത്ത ഭൂമിക്ക് പുറമെയാണ് ചില വ്യക്തികൾ ദേവസ്വം ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. പുതുക്കോട് സർവജന ഹൈസ്‌കൂളിന്റെ തെക്കുഭാഗത്തെ ഭൂമി, പുതുക്കോട് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിലെ പള്ളിവേട്ട ചടങ്ങിലെ താഴത്തുകുളം, അനുബന്ധ കടവുകൾ, അരയാൽക്കടവ് എന്നിവ ചേർന്ന സ്ഥലം ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് കൈയ്യേറിയിരിക്കുന്നത്. കുളത്തിന്റെ തെക്കുകിഴക്കുള്ള താമസക്കാരാണ് കൈയ്യേറ്റക്കാരെന്ന് പരാതിയിൽ പറയുന്നു. നവരാത്രി ആഘോഷത്തിലെ ആറാട്ട് ഉത്സവത്തിന് ഉപയോഗിക്കുന്ന തേവാരക്കടവ് സ്ഥിതി ചെയ്യുന്ന ഭാഗവും അതിന് പടിഞ്ഞാറുഭാഗം ഏതാനും സ്ഥലങ്ങളും ദേവസ്വത്തിന്റെയാണ്. ഈ സ്ഥലങ്ങളും സമീപത്തെ ഭൂവുടമകൾ കൈയ്യേറിയതായി പരാതിയിൽ പറയുന്നു. ദേവസ്വത്തിന്റെ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഭൂമി തിരികെ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് നടുവിൽമഠം ദേവസ്വം മന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.