
പാലക്കാട്: നെല്ലിന്റെ സംഭരണ വില വെട്ടിക്കുറച്ച സർക്കാർ നടപടി അംഗീകരിക്കാനാവുകയില്ലെന്നും വകുപ്പ് മന്ത്രി പ്രഖ്യാപിച്ച വിലയായ കിലോഗ്രാമിന് 28.72 രൂപ നൽകാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ദേശീയ കർഷക സമാജം ജില്ലാ ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ഇന്ധനവില വർദ്ധിച്ചതോടെ ട്രാക്ടർ, കൊയ്ത്തുയന്ത്രം എന്നിവയുടെ വാടക കൂടി. അതിനു പുറമെ പ്രളയംമൂലം നെൽക്കൃഷിക്ക് കനത്തനാശം സംഭവിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പ്രഖ്യാപിച്ച വിലയിൽ വർദ്ധനവ് വരുത്തുന്നതിന് പകരം വിലയിൽ വെട്ടിക്കുറവ് വരുത്തിയ സർക്കാർ നടപടി പ്രതിഷേധാർഹമാണ്. ഈ നടപടി പിൻവലിച്ച് പ്രഖ്യാപിച്ച വിലയെങ്കിലും മുൻകാല പ്രാബല്യത്തോടെ നൽകാൻ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.എ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുതലാംതോട് മണി, വിജയരാഘവൻ, സി.കെ രാമദാസ്, ദേവൻ ചെറാപ്പൊറ്റ, സി.എസ് ഭഗവൽദാസ്, എസ് സുരേഷ്, ഡി വിജയകുമാർ എന്നിവർ പങ്കെടുത്തു.