
പാലക്കാട്: കൊവിഡ് പ്രതിസന്ധികൾക്കിടയിലും ജനജീവിതം സാധാരണ നിലയിലായതോടെ ഉണർവ് പ്രതീക്ഷിച്ച നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായി വിലക്കയറ്റം. തൊഴിലാളി ക്ഷാമത്തിനൊപ്പം സാമഗ്രികളുടെ വില കുത്തനെ ഉയർന്നത് കരാറുകാർ ഉൾപ്പടെയുള്ളവരെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. പറഞ്ഞ് ഉറപ്പിച്ച തീയതിയിൽ ജോലികൾ പൂർത്തിയാക്കണമെങ്കിൽ പലരും പോക്കറ്റിൽനിന്ന് പണമിറക്കേണ്ട സ്ഥിതിയിലാണ്. ലോക്ക്ഡൗൺ പ്രതിസന്ധിയെ തുടർന്ന് ഉത്പാദനം കുറഞ്ഞും ഇന്ധനവില വർദ്ധനവുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം. സ്റ്റീൽ ഉൾപ്പടെയുള്ള നിർമ്മാണ ഉത്പന്നങ്ങൾക്ക് ഇരട്ടിയോളം വിലവർദ്ധിച്ചുവെന്നാണ് വിപണി നൽകുന്ന സൂചന.
നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ ലോണെടുത്തും കടം വാങ്ങിയും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനിറങ്ങിയവർ പലരും നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷയറ്റിരിപ്പാണ്. പല കെട്ടിടങ്ങളും മുൻ നിശ്ചയിച്ച ബഡ്ജറ്റിൽ പൂർത്തിയാക്കുക ബുദ്ധിമുട്ടാണ്.
തൊട്ടാൽ പൊള്ളും
നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവ് തുടരുകയാണ്. സ്റ്റീൽ സ്ട്രക്ച്ചേഡ് വീടുകൾക്ക് പ്രിയമേറുന്ന ഈ കാലഘട്ടത്തിലാണ് ഈ തീവില. ജനലുകൾക്കുപയോഗിക്കുന്ന അലുമിനിയം ഒരു ചതുരശ്ര അടിക്ക് 140 ഉണ്ടായിരുന്നിടത്ത് നിലവിൽ 240 രൂപ നൽകണം. പി.വി.സിയുടെ വിലയിൽ കഴിഞ്ഞ 30 ശതമാനത്തിന്റെ വിലവർദ്ധനവ് പ്രകടമാണ്. പെയിന്റിനും വില കൂടിയിട്ടുണ്ട്. ടൈലുകളുടെ കാര്യവും വ്യത്യസ്തമല്ല, ചതുരശ്ര അടിക്ക് 40 രൂപയായിരുന്നിടത്ത് ആറുരൂപ വർദ്ധിച്ച് 46 ആയി ഉയർന്നു.
മലബാർ സിമന്റ്സ് കഴിഞ്ഞദിവസം ചാക്കിന് 20 രൂപ കുറച്ചതുമാത്രമാണ് ഏക ആശ്വാസം. ഇതോടെ ഹോൾ സെയിൽ മാർക്കറ്റിൽ ചാക്കിന് 380 ആയിരുന്നത് 360ഉം ചില്ലറ വിൽപ്പന ചാക്കിന് 420 രൂപ ആയിരുന്നത് 400-ഉം ആയി കുറഞ്ഞിട്ടുണ്ട്. വില കുറയ്ക്കുന്നതിനൊപ്പം മലബാർ സിമന്റ്സിന്റെ ഉത്പാദനം 25 ശതമാനം വർദ്ധിപ്പിച്ച് പൊതുവിപണിയിൽ ഇടപെടൽ നടത്തണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.
വേണം സർക്കാർ ഇടപെടൽ
വിപണിയിലെ വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ലെൻസ്‌ഫെഡ് അടക്കമുള്ള സംഘടനകളുടെ ആവശ്യം. നിലവിൽ പ്രതിസന്ധിയിലായ നിർമ്മാണ മേഖലയെ കരകയറ്റാൻ അതേ മാർഗമുള്ളൂവെന്ന് വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു.
ഏറ്റെടുത്ത പണികൾ പൂർത്തിയാക്കാൻ സാവകാശം തേടി കരാറുകാർ ഉടമകളെ സമീപിക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം അന്തർ സംസ്ഥാന തൊഴിലാളികളടക്കമുള്ളവർ തിരിച്ചെത്തിയാൽ മാത്രമേ മേഖലയിൽ ഉണർവുണ്ടാവുകയുള്ളൂ.