 
ചിറ്റൂർ: കൃഷിപ്പണികൾ നടക്കുന്ന സമയങ്ങളിൽ തൊഴിലുറപ്പു ജോലികൾ നടത്തുന്ന രീതിയിൽ മാറ്റം വരുത്തണമെന്നും കൃഷിപ്പണികളെ ബാധിക്കാത്ത വിധം തൊഴിലുറപ്പു കലണ്ടർ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ട് കർഷകർ രംഗത്ത്. നെൽക്കൃഷി മേഖലയിൽ രണ്ട് വിളവെടുപ്പു കാലങ്ങളിലായി നടീൽ, കള പറിക്കൽ, കൊയ്ത്ത്, വൈക്കോൽപ്പണി, നെല്ല് വൃത്തിയാക്കൽ, ഉണക്കൽ തുടങ്ങിയവ ഉൾപ്പെടെ കുറഞ്ഞത് 120 ദിവസത്തെ ജോലിയെങ്കിലും അതാതു പ്രദേശത്തെ തൊഴിലാളികൾക്ക് ലഭിക്കും. എന്നാൽ ഈ സമയങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തൊഴിലുറപ്പു പണികൾക്കായി തൊഴിലാളികളെ നിയോഗിക്കുന്നതുകൊണ്ട് അവർക്ക് 50 ദിവസത്തെ ജോലിയെങ്കിലും നഷ്ടപ്പെടാൻ ഇടയാക്കുന്നുണ്ട്. കാർഷിക ജോലികൾക്ക് തൊഴിലാളികളെ ലഭിക്കാത്ത സ്ഥിതിയും ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ അയൽസംസ്ഥാന തൊഴിലാളികളെയോ മറ്റേതെങ്കിലും പ്രദേശത്തു നിന്നുള്ള തൊഴിലാളികളെയൊ എത്തിച്ച് ജോലികൾ ചെയ്തു തീർക്കേണ്ട സ്ഥിതിയാണ് പല പ്രദേശങ്ങളിലും ഉള്ളത്.
തൊഴിലാളി ക്ഷാമം രൂക്ഷം
നല്ലേപ്പിള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കൃഷിപ്പണി സമയങ്ങളിൽ തൊഴിലാളിക്ഷാമം രൂക്ഷമാണ്. പുറമെ നിന്നുള്ള തൊഴിലാളികൾക്ക് ഉയർന്ന കൂലി, വന്നു പോകാനുള്ള വാഹന വാടക, ഭക്ഷണചെലവ് ഇതെല്ലാം നൽകേണ്ടി വരുന്നതിനാൽ കർഷകന് താങ്ങാനാകാത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ചില സന്ദർഭങ്ങളിൽ ചെലവു കൂടിയാലും തൊഴിലാളികളെ ലഭിക്കാത്ത അനുഭവങ്ങളുമുണ്ട്. അതുകൊണ്ട് കൃഷിപ്പണികൾ സമയത്തിന് പൂർത്തിയാക്കാൻ കഴിയാറില്ല. ഇത് ഉത്പാദനത്തെയും ബാധിക്കുമെന്ന് കർഷകർ പറയുന്നു. അതിനാൽ ജനപ്രതിനിധികൾ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, പാടശേഖര സമിതി പ്രതിനിധികൾ, കർഷക തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവരടങ്ങുന്ന വാർഡുതല യോഗങ്ങൾ ചേർന്നാണ് കൃത്യമായ തൊഴിലുറപ്പ്, കാർഷിക കലണ്ടർ തയ്യാറാക്കേണ്ടതെന്ന് നല്ലേപ്പിള്ളി മൂച്ചിക്കുന്ന് പാടശേഖര സമിതിയോഗം ആവശ്യപ്പെട്ടു.