 
പാലക്കാട്: പുഷ്പ ഫല സസ്യങ്ങളുടെ വർണക്കാഴ്ചയാൽ സ്റ്റേഡിയം മൈതാനം പൂത്തുലഞ്ഞു. അഗ്രി ഫ്ലോറ ഫെസ്റ്റിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ച വിവിധ തരം അലങ്കാരച്ചെടികളും പുഷ്പങ്ങളും കൺനിറയെ കാണാൻ കുടുംബസമേതമാണ് ആളുകളെത്തുന്നത്. കാർഷിക മേളയും ഔഷധ സസ്യ പ്രദർശനവും വിപണന സ്റ്റാളുകളും ഇതോടൊപ്പം ആളുകളെ ആകർഷിച്ചുകഴിഞ്ഞു. ഉല്ലാസത്തോടൊപ്പം വിലക്കുറവിൽ ഷോപ്പിംഗും നടത്താമെന്നതാണ് മേളയുടെ മേന്മ. രുചിയുടെ കലവറ ഒരുക്കി ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. ദിവസേന സെമിനാറുകളും പരിശീലന പരിപാടികളും കാർഷിക മോട്ടോർ ഷോയും കലാസന്ധ്യയും മേളയുടെ ഭാഗമാണ്. കാർഷിക ഉത്പന്നങ്ങളും ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും മറ്റു കൺസ്യൂമർ ഉത്പന്നങ്ങളും വിലക്കുറവിൽ വാങ്ങാം.