tholpavakooth
തോൽപ്പാവ കൂത്തുമായി രജിതയും സംഘവും

ഒറ്റപ്പാലം: പുരുഷ കലാകാരൻമാർ കാലങ്ങളായി അടക്കിവാഴുന്ന തോൽപ്പാവക്കൂത്ത് വേദികൾ സജീവമാക്കാൻ

ഇനി സ്ത്രീ സംഘവും. ക്ഷേത്രകലയായ തോല്പാവക്കൂത്തിൽ സ്ത്രീ സാന്നിധ്യം വളരെ കുറവാണ്. കൂത്തുമാടത്തിൽ സ്ത്രീകൾ കൂടുതലും കാഴ്ചക്കാരോ ആസ്വാദകരോ മാത്രമാകും. ചിലർ പുരുഷ കലാകാരൻമാർക്കൊപ്പം ക്ഷേത്രങ്ങളുടെ പുറംവേദിയിൽ ചില ഇടപെടലിൽ ഒതുങ്ങിപ്പോവുകയും ചെയ്തു.

പാരമ്പര്യ രീതിയിൽ പാവക്കൂത്ത് പഠിച്ച് അതിന്റെ പൂർണ്ണതയോടെ വേദികളിലെത്തിക്കാൻ ഇതുവരെ സ്ത്രീ കലാകാരികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ഈ രംഗത്തെ കലാകാരൻമാർ പറയുന്നു. എന്നാലിപ്പോൾ പ്രശസ്ത തോല്പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവരുടെ മാർഗ നിർദേശത്തിൽ മകൾ രജിതയാണ് പെൺപാവക്കൂത്തു സംവിധാനം ചെയ്തത് അരങ്ങിലെത്തിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ സ്ത്രീ സുരക്ഷയുടെ ഭാഗമായി പാലക്കാട് ജില്ലാ പഞ്ചായത്തിൽ നടന്ന സംസ്‌കാരിക മുന്നേറ്റത്തിലാണ് രജിതയുടെ നേതൃത്വത്തിൽ പെൺപാവക്കൂത്തു അരങ്ങേറിയത്. ഒരു കൊച്ചു കുട്ടിയുടെ ജനനം മുതൽ യൗവ്വനകാലം വരെയാണ് കൂത്തിലൂടെ രംഗത്തെത്തിച്ചത്. മുഹമ്മദ് സുൽഫി രചനയും ജാസ്മിൻ സംഗീതവും നൽകി. രാജലക്ഷ്മി അശ്വതി, നിത്യ, നിവേദിയ, ശ്രീനന്ദന, സന്ധ്യ തുടങ്ങിയ പാവകളിക്കാരുടെ പരിശ്രമത്തിലാണ് പെൺപാവക്കൂത്ത് വേദിയിലെത്തിച്ചത്.

പാവക്കൂത്തിലേക്ക്

വർഷങ്ങൾക്ക് മുൻപ് ഒരു ക്ഷേത്രത്തിൽ പാവക്കൂത്ത് കാണാൻ വന്ന വിദേശ വനിതയെ കൂത്തുമാടത്തിന്റെ പടികളിൽ ഇരിക്കാൻ അനുവാദം കൊടുത്തതിന് വലിയ വിമർശനം നേരിടേണ്ടിവന്ന കലാകാരനായിരുന്നു രാമചന്ദ്ര പുലവർ. അന്നുതൊട്ട് അച്ഛനിൽ നിന്ന് പാവക്കൂത്തു പഠിച്ച രജിത തന്റെ വീട്ടിലെ കൊച്ചു കൂത്തുമാടത്തിൽ പാവക്കൂത്ത് അവതരിപ്പിച്ച് പരിശീലനം തുടങ്ങി. പിന്നെ പാവ നിർമാണവും പാവക്കൂത്തു അവതരണവുമായി വിവിധ സ്ഥലങ്ങളിലെത്തി. സിങ്കപ്പൂർ, റഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലും പാവക്കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീകളെ ഈ രംഗത്തേക്ക് എത്തിക്കുക എന്ന തന്റെ സ്വപ്നം മകളിലൂടെ യാഥാർത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് രാമചന്ദ്ര പുലവർ.

പാവനാടകത്തിലൂടെ പാവകളിയെ ജനകീയമാക്കാനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടിയാണ് ഇത്തരത്തിൽ പാവക്കൂത്ത് സംഘടിപ്പിച്ചത്.

- രജിത