
പാലക്കാട്: ജനുവരി ആദ്യവാരത്തോടെ കൂടുതൽ ട്രെയിനുകൾ പുന:രാരംഭിക്കുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ ത്രിലോക് കോത്താരി അറിയിച്ചു. പാസഞ്ചർ അസോസിയേഷൻ, വ്യവസായികൾ, ഉപഭോക്തൃ സംഘടന തുടങ്ങി വിവിധ സംഘടനകളുമായി ഓൺലൈനിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ്, ഒമിക്രോൺ എന്നിവയുടെ വ്യാപനം രൂക്ഷമാകാത്ത പക്ഷം കൊവിഡിന് മുമ്പ് സർവീസ് നടത്തിയിരുന്ന എല്ലാ ട്രെയിൻ സർവീസുകളും ഘട്ടംഘട്ടമായി പുനരാംഭിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. റിസർവേഷൻ കോച്ചുകൾ ഇല്ലാത്ത ട്രെയിനുകളും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനീധികരിച്ച് 17 ഓളം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ആർ. രഘുരാമൻ, അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ സി.ടി. സക്കീർ ഹുസൈൻ, ചീഫ് മെഡിക്കൽ സൂപ്രണ്ട്, ഡോ. വി. കലാറാണി, സീനിയർ ഡിവിഷണൽ കൊമേഴ്ഷ്യൽ മാനേജരും ഡി.ആർ.യു.സി.സി സെക്രട്ടറിയുമായ പി. ധനഞ്ജയൻ, സീനിയർ ഡിവിഷണൽ ഓപറേഷൻസ് മാനേജർ അരുൺ തോമസ് കളത്തിക്കൽ, പാലക്കാട് ഡിവിഷനിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
27.76 കോടിയുടെ ബഡ്ജറ്റ് ഗ്രാന്റ്
പാലക്കാട് ഡിവിഷന് കീഴിൽ മാത്രം യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി 27.76 കോടിയുടെ ബഡ്ജറ്റ് ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. ഇതിൽ 12 കോടി രൂപയോളം നിലവിൽ വിനിയോഗിച്ചു.