30-kalanjoor-gov-school
കലഞ്ഞൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി നെൽച്ചെടി പ്രദർശിപ്പിക്കുന്നു

കല​ഞ്ഞൂർ: നെല്ലരിച്ചോറ് കഴിക്കുന്ന നാട്ടിലെ നെൽച്ചെടി കണ്ടിട്ടില്ലാത്ത വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകൻ അവർക്കായൊരുക്കിയത് കതിരണിഞ്ഞ നെൽച്ചെടി പ്രദർശനം. ക്ലാസിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചയിൽ വിദ്യാർത്ഥിയുടെ ​ അരിച്ചെടി ​ പ്രയോഗമാണ് തന്നെ ഇത്തരത്തിലൊരു പ്രദർശനത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ധ്യാപകനായ ഫിലിപ്പ് ജോർജ്. ക്ലാസിലെ പകുതിയിലേറെപ്പേർ നെൽച്ചെടി കണ്ടിട്ടില്ല എന്ന് പറഞ്ഞദിവസം തന്നെ നിർമ്മാണം പുരോഗമിക്കുന്ന സംസ്ഥാന പാതക്കരികിൽ കൂടൽ കുമ്പനാട്ട് പടിയിൽ നിന്നും അദ്ദേഹത്തിന് നെൽച്ചെടി ലഭിക്കുകയും ചെയ്തു. അത് കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡിറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിക്കുകയായിരുന്നു. ശാസ്ത്ര അദ്ധ്യാപകരായ എസ്.ദീപ, ബിൻസി വർഗീസ്, ബി.ആർ.സി പരിശീലക ഭദ്രാശങ്കർ എന്നിവർ നെൽച്ചെടിയുടെ വിവിധ വളർച്ചാ ഘട്ടങ്ങളും വേരുപടല പ്രത്യേകതകളും വിദ്യാർത്ഥികൾക്ക് വിവരിച്ചു.പി.ടി.എ.പ്രസിഡണ്ട് എസ്.രാജേഷിന്റെ അദ്ധ്യക്ഷതയിൽ പ്രഥമാദ്ധ്യാപിക ടി.നിർമ്മല പ്രദർശനം ഉദ്ഘാടനം ചെയ്തു.