 
റാന്നി : കിഴക്കൻ മേഖലകളിലെ സംരക്ഷിത വന മേഖലകളിൽ മാലിന്യ കൂനകൾ പെരുകുന്നു. പൊന്തൻപുഴ കരികുളം, കുടമുരുട്ടി എന്നി സംരക്ഷിത വനമേഖലകളിലാണ് വൻതോതിൽ പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ കുന്നുകൂടുന്നത്. വീടുകളിൽ ഉപയോഗസൂന്യമായ വസ്തുക്കൾ തള്ളാനുള്ള ഒരിടമായാണ് സംരക്ഷിത വനത്തിനെ ഇത്തരക്കാർ കാണുന്നത്. പാമ്പേഴ്സ് ഉൾപ്പെടെ മാലിന്യങ്ങൾ കവറുകളിൽ കെട്ടി റോഡിൽ ഉൾപ്പടെ വലിച്ചെറിഞ്ഞിരിക്കുകയാണ്. വീടുകളിൽ നിന്നും മാലിന്യങ്ങൾ തള്ളുന്നത് കൂടാതെ വാഹനങ്ങളിൽ മത്സ്യ വിൽപ്പന നടത്തുന്ന ആളുകൾ അധികം വരുന്ന ചീഞ്ഞ മീനുകൾ ഉൾപ്പടെ ഈ പ്രദേശങ്ങളിൽ തള്ളുന്നുണ്ട്. ദുർഗന്ധം കാരണം ഈ റൂട്ടിൽ സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. രാത്രിയുടെ മറവിലാണ് ഇത്തരക്കാർ വൻതോതിൽ മത്സ്യ - മാംസ അവശിഷ്ടങ്ങൾ ഇത്തരത്തിൽ റോഡരികുളും സംരക്ഷിത വനമേഖലയിലെ തള്ളുന്നത്. അറവുമാടുകളുടെയും മറ്റും അവശിഷ്ടങ്ങളും ഇത്തരത്തിൽ വഴിയരികിൽ തള്ളാറുണ്ട്. സംരക്ഷിത വനമേഖല പൂർണമായും നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.