അടൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് 3 ന് വൈകിട്ട് നാലിന് അടൂരിൽ സ്വീകരണം നൽകും. വൈകിട്ട് മൂന്നിന് പറന്തൽ സെന്റ് ജോർജ് അരമന പള്ളിയിലെത്തുന്ന ബാവയെ സ്വീകരിച്ച് കടമ്പനാട്ടേക്ക് ആനയിക്കും. യാത്രാമദ്ധ്യേ കരുവാറ്റ സെന്റ് മേരീസ് കത്തീഡ്രലിൽ പ്രത്യേക പ്രാർത്ഥന നടക്കും. തുടർന്ന് കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലിൽ എത്തുന്ന ബാവയെ . അവിടെ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അടൂർ കണ്ണംകോട് പള്ളിയിലെ കായംകുളം ഫീലിപ്പോസ് റമ്പാൻ നഗറിലെത്തിച്ച് സ്വീകരണം നൽകും. മലങ്കര സിറിയൻ കത്തോലിക്കാ സഭ കർദ്ദിനാൾ ബസേലിയോസ് ക്ലീമ്മിസ് ബാവ ഉദ്ഘാടനം ചെയ്യും. ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത അദ്ധ്യക്ഷതവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യസന്ദേശം നൽകും. മെത്രാസന സെക്രട്ടറി ഫാ.രാജൻ മാത്യു സ്വാഗതവും ശാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തും. ആന്റോ ആന്റണി എം.പി, നഗരസഭാ ചെയർമാൻ ഡി. സജി, അഡ്വ.ബിജു ഉമ്മൻ, റ്റി.എം. ഏബ്രഹാം കോർ -എപ്പിസ്കോപ്പാ,എൻ. എസ്. എസ് യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധു, അടൂർ ഇമാം സൈനുദ്ദീൻ മൗലവി, ആനി ജോർജ്, എസ്. എൻ. ഡി. പി യോഗം യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ, ജോൺസൺ കെ.സഖറിയ എന്നിവർ പ്രസംഗിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് മെത്രാസന സെക്രട്ടറി ഫാ.രാജൻ മാത്യു,ഭാരവാഹികളായ പ്രൊഫ.വർഗീസ് പേരയിൽ, എ. കുഞ്ഞുമോൻ, സന്തോഷ്.എം.സാം, ലാൻസി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.