തുരുത്തിക്കാട് അമ്പാട്ട് ഭാഗം നിവാസികൾ ഒറ്റപ്പെട്ടു
മല്ലപ്പള്ളി : കുത്തിയൊലിച്ചു വന്ന മണിമലയാർ തകർത്തെറിഞ്ഞ അപ്രോച്ച് റോഡും കോമളം പാലത്തിന്റെ ഒരു ഭാഗവും ഇല്ലാതാക്കിയത് ഒരു പ്രദേശത്തിന്റെ തന്നെ യാത്രാ മാർഗമാണ്. ഈ പാലത്തിനെ മാത്രം ആശ്രയിച്ചിരുന്ന തുരുത്തിക്കാട് അമ്പാട്ട് ഭാഗം നിവാസികൾ ഒറ്റപ്പെട്ട നിലയിലായിട്ട് മാസം ആറായി. താൽക്കാലീക സംവിധാനം ഒരുക്കുമെന്ന് പ്രതീക്ഷക്ഷയിലാണ് നാട്ടുകാർ. എന്നാൽ ഇത് എത്രമേൽ പ്രാവർത്തികമാകുമെന്ന് കണ്ടറിയണം. ജനങ്ങളുടെ ദുരിതം പരിഹരിക്കുവാനുള്ള മാർഗം പുതിയപാലം തന്നെയാണെങ്കിലും താൽക്കാലിക പരിഹാരം അടിയന്തരമായി ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോമളം പാലം ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ട്. പുതിയ പാലം നിർമ്മിക്കുവാനുള്ള കാലതാമസം പരിഗണിച്ച്ബെയ്ലി പാലം നിർമ്മിച്ച നൽകുവാൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനും ആക്ഷൻ കൗൺസിൽ നിവേദനം നൽകി. റിട്ട.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അഡ്വ.ചെറിയാൻ വർഗീസ് ചെയർമാനും അഡ്വ.റെനി കെ.ജേക്കബ്, ജോസ് ഫിലിപ്പ് പെരിയിലത്ത്, ഡോ.അംബികാ ദേവി, കെ.കെ സത്യൻ, എൻ.പത്മകുമാർ, അഡ്വ. ജി.ഹരികുമാർ , ഡോ.ബിജു ടി.ജോർജ്ജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികളും തുടങ്ങിയവും ആക്ഷൻ കൗൺസിലിന്റെ ഇടപെടലും , മന്ത്രിമാർ ഉൾപ്പെടെയുള്ള ഒട്ടുമിക്ക ജനപ്രതിനിധികൾ സംഭവസ്ഥലം ഇതിനോടകം തന്നെ സന്ദർശിച്ചിട്ടുണ്ട്.
..................
വിദ്യാർത്ഥികൾ ദുരിതത്തിൽ
തുരുത്തിക്കാട് ബി.എ.എം കോളേജ് വെണ്ണിക്കുളം സെന്റ് ബഹനാൻസ്, വെണ്ണിക്കുളം പോളിടെക്നിക്ക് എന്നിങ്ങനെ ഏഴോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനങ്ങളാണ് വളരെയധികം ബുദ്ധിമുട്ടിലായിരിക്കുന്നത്.കല്ലൂപ്പാറ പുറമറ്റം പഞ്ചായത്തുകളുടെ ഗതാഗതത്തിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നത് കോമളം പാലം തന്നെയാണ്. ഇവിടങ്ങളിലെ ജനങ്ങൾ ബാങ്കുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും സർക്കാർ ഓഫീസുകളിലേക്കും പോകുവാൻ ആശ്രയിച്ചിരുന്നതും കോമളം പാലത്തെയാണ്.
.............................
ജനങ്ങളുടെ യാത്രാ ദുരിതം കണ്ടറിഞ്ഞ് അധികൃതർ സത്വര നടപടി ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. വിദ്യാർത്ഥികളാണ് ഏറെയും യാത്രാ ദുരിതം അനുഭവവിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലേക്ക് പോകുന്നവരും, വിവിധ സ്ഥാപനങ്ങളിലേക്ക് പോകുന്നവരും ഏറെ കഷ്ടപ്പാടിലാണ്.
രഘൂത്തമൻ
(പ്രദേശവാസി)