തിരുവല്ല: അപ്പർകുട്ടനാട്ടിലെ രോഗികൾക്ക് ആശ്രയമാകേണ്ട ചാത്തങ്കരി കുടുംബാരോഗ്യ കേന്ദ്രം വെള്ളപ്പൊക്കത്തിന്റെ കെടുതികളിലാണ്. സാംക്രമീക രോഗഭീതിയിൽ കഴിയുന്ന താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കേണ്ട ആശുപത്രിയിലെ സംവിധാനങ്ങളെല്ലാം അനാരോഗ്യമായ നിലയിലാണ്. കനത്തമഴ പെയ്താലുടൻ ആശുപത്രിയിലും വെള്ളം കയറുന്നു. ഈ സീസണിൽ അഞ്ചുതവണയാണ് ആശുപത്രിയിൽ വെള്ളപ്പൊക്കം ഉണ്ടായത്. ഇതോടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ താളംതെറ്റും. ചിക്കൻ ഗുനിയ ഏറെ ബാധിച്ച പ്രദേശമാണിത്. എലിപ്പനിയും മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയുമെല്ലാം ഈ പ്രദേശത്ത് നിരവധിതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപ്പർകുട്ടനാട്ടിലെ ജനങ്ങളുടെ ദുരിതം മനസിലാക്കിയാണ് പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഇവിടെ ആശുപത്രി തുടങ്ങിയത്. എന്നാൽ ആശുപത്രിയ്ക്ക് വളർച്ചയില്ലാത്ത സ്ഥിതിയാണ്.
കിടത്തി ചികിത്സ മുടങ്ങി
പത്തോളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ മുമ്പ് സജ്ജമാക്കിയിരുന്നു. ഇതിനായി കെട്ടിടവും നിർമ്മിച്ചതാണ്. പ്രസവ സംബന്ധമായ ചികിത്സകളും ലഭ്യമായിരുന്നതായി പ്രദേശവാസികൾ പറയുന്നു. എന്നാലിപ്പോൾ ഇതും ഓർമ്മയായിട്ട് വർഷങ്ങളായി. ഒ.പി മാത്രമായി ആശുപത്രിയുടെ പ്രവർത്തനം ചുരുങ്ങി. ദിവസവും നൂറിലധികം പേർ ചികിത്സ തേടിയെത്തുന്നുണ്ട്. വർക്കിംഗ് അറേഞ്ച്മെന്റ് ഉൾപ്പെടെ നാല് ഡോക്ടർമാർ, ആറ് നേഴ്‌സുമാർ, ഒപ്‌റ്റോമെട്രിസ്റ്റ് -1, ലാബ് ടെക്‌നീഷ്യൻ -1 ഫാർമസിസ്റ്റ് -1, ജെ.പി.എച്ച്.എൻ -4, ജെ.എച്ച്.ഐ - 3, എൽ.എച്ച്.ഐ -1 എൽ.എച്ച്.എസ്-1, ഹെൽത്ത് സൂപ്പർവൈസർ -1 പി.ആർ.ഒ -1 എന്നിങ്ങനെ ആശുപത്രിയിൽ ജീവനക്കാരുണ്ട്. രാവിലെ എട്ടിന് തുടങ്ങുന്ന ആശുപത്രിയുടെ പ്രവർത്തനം രണ്ടു മണിവരെ മാത്രമാണുള്ളത്. അതുകഴിഞ്ഞാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.
75 ലക്ഷം കാത്തിരിക്കുന്നു
വെള്ളപ്പൊക്കക്കെടുതികൾ അനുഭവിച്ച ചാത്തങ്കരിയിൽ 2018ലെ പ്രളയത്തിനുശേഷം നാഷണൽ ഹെൽത്ത് മിഷന്റെ 75 ലക്ഷം രൂപ കെട്ടിടം നിർമ്മിക്കാനായി അനുവദിച്ചിരുന്നു. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന പുതിയ കെട്ടിടം നിർമ്മിക്കാനായി ഒന്നര കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കി. എം.എൽ.എ ഫണ്ടുകൂടി ലഭ്യമാക്കി കെട്ടിടം പണിയാൻ ലക്ഷ്യമിട്ടു. എന്നാൽ ഫണ്ടിന്റെ അപര്യാപ്തതമൂലം കെട്ടിടം പണി തുടങ്ങാനായില്ല. ഇതുകാരണം അനുവദിച്ച കേന്ദ്രഫണ്ടും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്.
രാത്രിയിൽ അത്യാഹിതങ്ങൾ സംഭവിച്ചാൽ ചികിത്സയ്ക്കായി പത്ത് കിലോമീറ്ററിലധികം പോകണം. വൈകിട്ട് ആറുവരെയെങ്കിലും ആശുപത്രിയുടെ സേവനം വർദ്ധിപ്പിച്ചിരുന്നെങ്കിൽ ഗുണമാണ്.
(നാട്ടുകാർ )