പത്തനംതിട്ട : പിണറായി വിജയന്റെ നേതൃത്വത്തിൽ സ്ഥാപനവൽക്കരിച്ച ഒരു മാഫിയാ സംഘമാണ് സി.പി.എമ്മിനെ നയിക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ, മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് , കെ.പി.സി.സി നിർവാഹകസമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, മാലേത്ത് സരളാദേവി, പന്തളം സുധാകരൻ എന്നിവർ പ്രസംഗിച്ചു.
എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽപ്പറത്തിയാണ് തിരുവല്ലാ ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് ഭരണം സി.പിഎം നേതൃത്വം കൈയ്യടക്കിയതെന്ന് ഡി.സി.സി നേതൃയോഗം കുറ്റപ്പെടുത്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തിനും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനൊന്നിനും സംഘടിപ്പിക്കുന്ന ജൻ ജാഗ്രതാ അഭിയാൻ പദയാത്ര വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.