തിരുവല്ല: കെറെയിൽ സിൽവർലൈൻ പദ്ധതിക്ക് അനുകൂലമായ മാത്യു ടി. തോമസ് എം.എൽ.എ യുടെ നിലപാട് മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജനകീയ സമര സമിതി. കല്ലൂപ്പാറ, കവിയൂർ,കുന്നന്താനം പഞ്ചായത്തുകളിൽ കൂടി കടന്നു പോകുന്ന സിൽവർലൈൻ പാത ഏകദേശം 500 കുടുംബങ്ങളെയാണ് നേരിട്ട് ബാധിക്കുന്നത്. കുന്നന്താനം പഞ്ചായത്തിലെ നടയ്ക്കൽ ക്ഷേത്രം, മരിങ്ങാട്ടുചിറ ക്ഷേത്രം, അമ്പാടി ലക്ഷ്മിനാരായണ ക്ഷേത്രത്തിന്റെ കാവും കുളവും, മുണ്ടുകുഴി സെന്റ് കുരിയാക്കോസ് ഓർത്തഡോക്‌സ് പള്ളി തുടങ്ങിയ ദേവാലയങ്ങൾ പദ്ധതി കൊണ്ട് പൂർണമായും തകർക്കപ്പെടും. ഇതെല്ലാം കാണിച്ച് പല തവണ നാട്ടുകാർ എം.എൽ.എയെ സമീപിച്ചെങ്കിലും പദ്ധതിയെക്കുറിച്ച് തനിക്ക് അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. പദ്ധതിക്കെതിരെ സമരങ്ങൾ മണ്ഡലത്തിലാകെ ആരംഭിക്കുന്നതിനൊപ്പം എം.എൽ.എയുടെ ജനദ്രോഹ നിലപാട് വിശദീകരിച്ച് വീടുകളിൽ പ്രചാരണം നടത്തും. സമരസമിതി ജില്ലാ രക്ഷാധികാരി പി.എസ് വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കൺവീനർ മുരുകേഷ് നടയ്ക്കൽ, ജില്ലാ പ്രസിഡന്റ് അരുൺ ബാബു, സിൽവർ ലൈൻ വിരുദ്ധ വനിതാ സമിതി സംസ്ഥാന കൺവീനർ ശരണ്യ രാജ്, ടി.എസ് ഏബ്രഹാം,അനിൽ അമ്പാടി, റിജോ മാമൻ, വി.എം.ജോസഫ് വെള്ളിയാംകുന്നത്ത്, സിനു ചെറിയാൻ, സി.എം ചാക്കോ, അജിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.