റാന്നി: റാന്നി പെരുമ്പുഴയിൽ സംസ്ഥാന പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച ഓടകൾ പൊട്ടിത്തുടങ്ങി. നിലവാരമില്ലാത്ത രീതിയിൽ നിർമ്മിച്ചതാണ് ഒാടകളെന്ന് പരാതിയുണ്ടായിരുന്നു. റോഡിന് വീതികുറഞ്ഞ ഭാഗങ്ങളിൽ നടപ്പാതയായി ഉപയോഗിക്കേണ്ട സ്ഥലങ്ങളിൽ ഇട്ടിരിക്കുന്ന ഓടയുടെ മൂടിയാണ് തകർന്നത്. പെരുമ്പുഴ ബസ് സ്റ്റാൻഡിലേക്ക് കയറുന്ന വഴിയിൽ സ്ഥാപിച്ചിരുന്ന ഓടയുടെ മേൽമൂടി മുമ്പ് തകർന്നിരുന്നു. റോഡുപണിയിൽ ആദ്യം മുതലേ വൻ ക്രമക്കേടുകളാണ് നടക്കുന്നത്. പലഭാഗത്തും നിർമ്മാണ കമ്പനിക്ക് തോന്നുംപടിയാണ് റോഡിന്റെ വീതി. നേരെയുള്ള റോഡിൽപോലും ഓടകൾ ചുറ്റിയും വളഞ്ഞുമാണ് പണിതത്. മാമുക്ക് ഭാഗത്ത് ഓടകളുടെ നിർമ്മാണത്തിൽ അപാകത ഉണ്ടായതുമൂലം ചെറിയ മഴയിലും വെള്ളക്കെട്ട് രൂപപ്പെടുന്നതായി പരാതിയുണ്ട്. നിർമ്മാണക്കമ്പനിക്ക് തോന്നിയപോലെയുള്ള വികസനമാണ് റാന്നിയിൽ സംസ്ഥാന പാതയിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.