05-saji-cheriana
ഉൽപ്പന്ന നിർമ്മാണത്തിൽ വൈവിധ്യവത്കരണം നടപ്പാക്കണം: മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂർ : ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ കുടുംബശ്രീ അംഗങ്ങൾ വൈവിദ്ധ്യവത്കരണം നടപ്പാക്കണമെന്ന് മന്ത്രി സജി ചെറിയാൻ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആർ.കെ.ഐ.ഇ.ഡി.പി. സംരംഭങ്ങളുടെ ഉദ്ഘാടനം, ഓക്‌സിലറി ഗ്രൂപ്പ് സർട്ടിഫിക്കറ്റ് വിതരണം എന്നിവ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ അദ്ധ്യക്ഷനായി. അഗ്രി ന്യൂട്രി ഗാർഡന്റെ ഉദ്ഘാടനം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസും പേൾപ്രവാസി ഭദ്രതാ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശ്വംഭരനും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വത്സല മോഹൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ.മുരളീധരൻ പിള്ള, എൻ.പത്മാകരൻ, ആശ വി.നായർ, ബിന്ദു കുരുവിള, ടി.സി.സുനിമോൾ, പുഷ്പലത മധു എന്നിവർ പ്രസംഗിച്ചു. ആർ.കെ.ഐ.ഇ.ഡി.പി. പദ്ധതി പ്രളയാനന്തരം ജനങ്ങൾക്കുണ്ടായ ഉപജീവന നഷ്ടം പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ ചെങ്ങന്നൂർ, ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് പരമാവധി വ്യക്തിഗത, ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വികസനത്തിന് പദ്ധതി ഊന്നൽ നൽകുന്നു. ഓരോ വീട്ടിലും കാർഷിക പോഷക ഉദ്യാനങ്ങൾ കുടുംബത്തിന്റെ പൂർണ പോഷക ആവശ്യങ്ങൾക്കായി കാർഷിക പോഷക ഉദ്യാനങ്ങൾ ഓരോ വീട്ടിലും സജ്ജീകരിക്കുക എന്നതാണ് അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശിക കാർഷിക കാലാവസ്ഥയ്ക്കു അനുയോജ്യമായ പച്ചക്കറികളും, പഴങ്ങളും ഉദ്യാനത്തിൽ ഉൾപ്പെടുത്തും. കുറഞ്ഞത് മൂന്നു സെന്റിൽ കൃഷി ചെയ്യാൻ താൽപ്പര്യമുള്ള 50 കുടുംബങ്ങളെയാണ് ഒരു വാർഡിൽ നിന്നും തിരഞ്ഞെടുക്കുന്നത്.