പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരിമറികൾ നിയമപരമായി നേരിടുമെന്ന് സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ കെ. ജയവർമ്മ പത്രസമ്മേളനത്തിൽ അറിയിച്ചു.

അധികാരത്തിന്റെ പിൻബലത്തിൽ ഭരണസമിതി തിരഞ്ഞെടുപ്പ് കൃത്രിമ മാർഗങ്ങളിലൂടെ അട്ടിമറിച്ചതായി വേദി ആരോപിച്ചു. യഥാർത്ഥ വോട്ടർമാർക്ക് അവസരം നിഷേധിച്ച് കള്ളവോട്ടിന്റെ പിൻബലത്തിലാണ് ഇടതുപാനൽ വിജയിച്ചത്. വ്യാജ വോട്ടിനു കൂട്ടുനിന്ന വരണാധികാരിയുടെ നടപടി ജനാധിപത്യ വിരുദ്ധവും നിയമലംഘനവുമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാൻ പോലും വരണാധികാരി തയാറായില്ല. കോടതി നിർദ്ദേശിച്ചിട്ടും വീഡിയോഗ്രഫി മനഃപൂർവം ഒഴിവാക്കി. വോട്ടർമാർക്ക് ബാങ്ക് കാർഡ് കൂടാതെ മറ്റൊരു തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്ന നിർദ്ദേശം അട്ടിമറിക്കപ്പെട്ടു. ബാങ്കിന്റ ചരിത്രത്തിൽ ഇതേവരെ 5000 ലധികം പേർ വോട്ടു ചെയ്തിട്ടില്ല. ഇത്തവണ പോളിംഗ് ഉയർന്നതുതന്നെ സി.പി.എം നടത്തിയ കള്ളവോട്ടിലൂടെയാണെന്ന് കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ബാങ്ക് മുൻ പ്രസിഡന്റ് റെജി തോമസ് എന്നിവർ പറഞ്ഞു.