കോന്നി: അട്ടച്ചാക്കൽ ഈസ്റ്റ്- കിഴക്കുപുറം റോഡിൽ പലഭാഗങ്ങളിലും കൈയേറ്റം നടക്കുന്നതായി പരാതി. അട്ടച്ചാക്കൽ ഈസ്റ്റ് ജംഗ്ഷനിൽ തുടങ്ങി കിഴക്കുപുറം വരെയുള്ള ജില്ലാ പഞ്ചായത്തിന്റെ രണ്ടര കിലോമീറ്റർ റോഡാണിത്. കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളിലൂടെയാണ് കടന്നു പോകുന്നത്. എട്ടു മീറ്റർ വീതിയുള്ള റോഡിന്റെ പലഭാഗങ്ങളിലും റോഡിലേക്ക് ഇറക്കിയുള്ള നിർമ്മാണപ്രവർത്തനങ്ങൾ മൂലം ഇപ്പോൾ ഏഴര മീറ്റർ വീതിയേയുള്ളു. കിഴക്കുപുറം അറയ്ക്കൽ പടിയിലെ റോഡിലേക്ക് ഇറക്കിയുള്ള നിർമ്മാണ പ്രവർത്തങ്ങൾക്കെതിരെ നാട്ടുകാർ പരാതി നൽകിയിരുന്നു. കിഴക്കുപുറം പാലം മുതൽ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലാണ് റോഡിലേക്ക് ഇറക്കിയുള്ള മതിലുകളുടെ നിർമ്മാണം കൂടുതലായി നടക്കുന്നത്. ഇതിനെ തുടർന്നാണ് ഈ ഭാഗങ്ങളിൽ റോഡിന് വീതി കുറഞ്ഞത്. നാലുവർഷം മുമ്പ് പ്രധാൻമന്ത്രി ഗ്രാമീൺ സഡക്ക് യോജന പദ്ധതിയിലൂടെ ടാറിംഗ് നടത്തിയ റോഡിന്റെ പലഭാഗങ്ങളും തകർന്നു. റോഡിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി പ്രകാശ് കിഴക്കുപുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.