hospital
പത്തനംതിട്ട ഹോമിയോ ആശുപത്രി

പത്തനംതിട്ട : നഗരസഭയിലെ ഹോമിയോ ആശുപത്രി ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോൾ ഓടിന് മുകളിൽ നീല ടാർപ്പോളിൻ കെട്ടി മറച്ചാണ് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ആശുപത്രി പ്രവർത്തിക്കുന്നത്. വാടക കെട്ടിടമാണിത്. വെട്ടിപ്രം - തോന്ന്യാമല റോഡിലാണ് ഈ ആശുപത്രി. പത്തനംതിട്ട നഗരത്തിലുള്ളവരും നാരങ്ങാനം സ്വദേശികളുമടക്കം ഈ ആശുപത്രിയിൽ എത്താറുണ്ട്. മൂന്ന് മുറിയും അടുക്കളയുമുള്ള കെട്ടിടത്തിലാണ് ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്നത്. ഇവിടെയാണ് ഓഫീസും ഫാർമസിയും സ്റ്റോറും പ്രവർത്തിക്കുന്നത്. 2013 ലാണ് കേന്ദ്ര സർക്കാരിന്റെ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വെട്ടിപ്രം റോഡിൽ ഹോമിയോ ആശുപത്രി ആരംഭിക്കുന്നത്. നഗരത്തിലല്ലാതെ ഗ്രാമ പ്രദേശത്ത് നിർമ്മിക്കേണ്ടതിനാലാണ് നഗരത്തിൽ നിന്ന് മാറി ആശുപത്രി ആരംഭിച്ചത്. അന്നുമുതൽ ഇന്നുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. വാടകകെട്ടിടത്തിലായതിനാൽ നഗരസഭയ്ക്ക് ഇത് മെയിന്റനൻസ് ചെയ്യാനും പറ്റില്ല. നഗരസഭയുടെ ഉടമസ്ഥതയിലല്ലാത്ത കെട്ടിടം നവീകരിക്കാൻ അനുമതിയില്ല. എട്ട് വർഷമായി കെട്ടിടത്തിന് യാതൊരു വിധ നവീകരണവും നടത്തിയിട്ടില്ല. ഇവിടെയുള്ള ശുചിമുറിയും പൊളിയാറായി. പഴക്കം ചെന്ന കെട്ടിടത്തിൽ മെയിന്റനൻസ് നടക്കാത്തത് കെട്ടിടത്തെ അപകടാവസ്ഥയിലാക്കിയിട്ടുണ്ട്.

സ്വന്തം കെട്ടിടം സ്വപ്നം

സ്വന്തമായൊരു കെട്ടിടമാണ് താൽപ്പര്യമെന്ന് ആശുപത്രി അധികൃതർ പറയുന്നു. നിലവിൽ ടാർപ്പോളിൻ കെട്ടിയത് കൊണ്ട് കെട്ടിടത്തിനുള്ളിൽ വെള്ളം വീഴില്ല. പുതിയ സ്ഥലത്ത് കെട്ടിടം പണിത് അങ്ങോട്ട് മാറ്റാനാണ് നഗരസഭ ശ്രമിക്കുന്നത്. ഗ്രാമപ്രദേശം വേണമെന്നതുപോലെ തന്നെ ആളുകൾക്ക് എത്താനുള്ള സൗകര്യവും വേണം. ദിവസവും നിരവധി പേർ ഇവിടെ ആശുപത്രിയിൽ എത്താറുണ്ട്.

സുബലാ പാർക്കിനടുത്തുള്ള കെട്ടിടം ഹോമിയോ ആശുപത്രിയ്ക്ക് നൽകാനുള്ള ശ്രമവും നടക്കുന്നുണ്ട്നഗരസഭയുടെ കെട്ടിടം അല്ലാത്തതിനാൽ മെയിന്റനൻസ് ചെയ്യാൻ കഴിയില്ല. പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കാനെ കഴിയു.

(നഗരസഭാ അധികൃതർ)

- 8 വർഷമായി നവീകരണമില്ല