dog

പത്തനംതിട്ട : വഴിയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന തെരുവ് നായകൾ യാത്രക്കാർക്ക് ഭീഷണിയാകുകയാണ്. കാൽനടയാത്രക്കാരെ കടിച്ചും ഇരുചക്രവാഹന യാത്രികരെ ഉരുട്ടിയിട്ടും നായകൾ വഴികളിൽ വാഴുന്നു. ഈ വർഷം ഇതുവരെ 10,021 പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഒരുമാസത്തിനുള്ളിൽ കോന്നിയിലും വാര്യാപുരത്തും അടൂരും പത്തനംതിട്ടയിലും തെരുവുനായയുടെ ആക്രമണമുണ്ടായി. എ.ബി.സി (അനിമൽ ബർത്ത് കൺട്രോളിംഗ് ) പദ്ധതിയടക്കം മന്ദഗതിയിലായതോടെ നായകൾ പെരുകി. ഇരുചക്ര യാത്രക്കാർ തെരുവ് നായ വട്ടം ചാടി അപകടത്തിൽപ്പെടുന്നത് പതിവാണ്. പേവിഷബാധയേറ്റ് വള്ളിക്കോട് സെപ്തംബറിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഭക്ഷണമാണ് പ്രശ്നം

തെരുവ് നായ ശല്യം വർദ്ധിക്കാനുള്ള പ്രധാന കാരണം ഭക്ഷണമാണ്. വഴിയോരങ്ങളിലും കനാലുകളിലും ഭക്ഷണ മാലിന്യം തള്ളുന്നത് തേടിയാണ് തെരുവ് നായകൾ എത്തുന്നത്. ഭക്ഷണത്തിന്റെ അളവ് കൂടുമ്പോൾ ഇവയുടെ പ്രത്യുൽപാദനശേഷിയും വർദ്ധിക്കുകയാണ്. പാകം ചെയ്ത ആഹാരമാണ് നായകൾ ഭക്ഷിക്കുന്നത്.

എ.ബി.സി പ്രയോജനപ്പെടുന്നില്ല

ജില്ലയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് എ.ബി.സി (അനിമൽ ബർത്ത് കൺട്രോളിംഗ് ) പദ്ധതി നടപ്പാക്കുന്നത്. നായകളെ വന്ധ്യകരിക്കുന്ന പദ്ധതിയാണിത്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടക്കുന്നത്. ഒരു നായയ്ക്ക് 1500 രൂപ വീതമാണ് കുടുംബശ്രീ ഈടാക്കുക. എല്ലാ പഞ്ചായത്തും മുനിസിപ്പാലിറ്റിയും പദ്ധതി വിഹിതത്തിൽ എ.ബി.സി പദ്ധതിയ്ക്കായി തുക മാറ്റി വയ്ക്കാറുണ്ട്. ജില്ലയിൽ ആനിമൽ ഹസ്ബെൻഡറിയുടെ പുളിക്കീഴ് കേന്ദ്രത്തിലാണ് എ.ബി.സി ചെയ്യുന്നത്. എന്നാൽ പദ്ധതി നടക്കുന്നുണ്ടെന്ന് അധികൃതർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും തെരുവ് നായ ശല്യം വർദ്ധിക്കുകയാണ്. കൊവിഡ് സാഹചര്യത്തിൽ എ.ബി.സി പദ്ധതി തടസപ്പെട്ടിരുന്നു.

2021ൽ നായയുടെ കടിയേറ്റവർ

ജനുവരി : 986

ഫെബ്രുവരി : 905

മാർച്ച് : 1031

ഏപ്രിൽ : 819

മേയ് : 647

ജൂൺ : 781

ജൂലായ് : 840

ആഗസ്റ്റ് : 818

സെപ്തംബർ : 873

ഒക്ടോബർ : 1256

നവംബർ : 1065

ആകെ : 10021

പേവിഷ ബാധയേറ്റ് മരണം : 1

" ജില്ലാ പഞ്ചായത്തിന്റെ അടുത്ത വാർഷിക പദ്ധതിയിൽ പേവിഷബാധ ചെറുക്കാനുള്ള പ്രത്യേക പദ്ധതി തയ്യാറാക്കും. തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യമനുസരിച്ച് ജില്ലാ പഞ്ചായത്ത് ഫണ്ടനുവദിക്കും. ഈ വർഷം പഞ്ചായത്തുകളിൽ നിന്നും നഗരസഭകളിൽ നിന്നും ഫണ്ടിനുള്ള അപേക്ഷകൾ ലഭിച്ചിട്ടില്ല.

ഓമല്ലൂർ ശങ്കരൻ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്