 
റാന്നി: പെരുമ്പുഴ ബസ് സ്റ്റാന്റിന് സമീപം മുണ്ടപ്പുഴ റോഡിൽ പൈപ്പു പൊട്ടി കുടിവെള്ളം പാഴായി. റോഡിന്റെ ഉപരിതലത്തിനു മുകളിലൂടെ അലക്ഷ്യമായി ഇട്ടിരുന്ന പി.വി.സി പൈപ്പു പൊട്ടിയതാണ് വെള്ളം പാഴാകാൻ കാരണം.വാഹനം കയറി പൊട്ടിയ പൈപ്പു ഗാർഹിക കണക്ഷൻ നൽകിയതാണ്. ഇന്നലെ വെളുപ്പിനാണ് പൈപ്പ് പൊട്ടിയത്. ഇതിനെ തുടർന്ന് ബസ് സ്റ്റാൻഡിലും പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പരിസരങ്ങളിലും വലിയ വെള്ളക്കെട്ട് അനുഭവപ്പെട്ടു. മണിക്കൂറുകളോളം വെള്ളമൊഴുക്ക് തുടർന്നതോടെ വ്യാപാരികളും നാട്ടുകാരും ജല അതോറിറ്റി ഓഫീസിൽ വ്യാപാരികൾ ബന്ധപ്പെട്ടതിനെ തുടർന്ന് ഉച്ചയോടെയാണ് വെള്ളമൊഴുക്ക് നിലച്ചത്.ഒരു മാസം മുമ്പ് ഇത്തരത്തിൽ പൊട്ടിയ പൈപ്പു പുനരുദ്ധരിക്കാതെ വെള്ളം തുറന്നു വിട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഗാർഹിക കണക്ഷനുകൾ തകരാറിലായാൽ ജീവനക്കാർ യഥാ സമയം പുനരുദ്ധരിക്കാൻ തയാറാകില്ലെന്ന് പരാതിയുണ്ട്. റോഡുപണിയുമായി ബദ്ധപ്പെട്ട് ഏറെനാൾ റാന്നിയിലും പരിസര പ്രദേശങ്ങളിലും വെള്ളമില്ലാതെ ജനങ്ങൾ വലഞ്ഞിരുന്നു.