തിരുവല്ല: ലോവർ കുട്ടനാടിന്റെ അതേ ഭൂമിശാസ്ത്രവും കാർഷിക രീതികളുമുള്ള അപ്പർകുട്ടനാടൻ മേഖലയോട് അധികൃതരുടെ അവഗണന ശക്തമാണ്. പത്തനംതിട്ട ജില്ലയിലെ അപ്പർകുട്ടനാടൻ മേഖലയിൽപ്പെടുന്ന പെരിങ്ങര,നിരണം,കടപ്ര, നെടുമ്പ്രം,കുറ്റൂർ പഞ്ചായത്തുകൾ മലയോരവുമല്ല തീരപ്രദേശവുമല്ല. പ്രദേശത്തിന്റെ പ്രത്യേകതകൾ പരിഗണിച്ച് മലയോര മേഖലയ്ക്കും തീരപ്രദേശങ്ങൾക്കും സർക്കാർ നൽകിവരുന്ന ആനുകൂല്യങ്ങളിൽ അപ്പർകുട്ടനാട് ഒഴിവാക്കപ്പെടുന്നത് പതിവാണ്. ഇതിനെതിരെ പലതവണ കർഷകർ ഉൾപ്പെടെയുള്ളവർ ശബ്ദം ഉയർത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും പരിഹാരം ഉണ്ടായിട്ടില്ല. കാർഷിക വിദഗ്ദ്ധനായ ഡോ.എം.എസ് സ്വാമിനാഥൻ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഭാവനംചെയ്ത കുട്ടനാട് പാക്കേജിൽ അപ്പർകുട്ടനാടിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോവർകുട്ടനാടിന് തുല്യമായ എല്ലാ പദ്ധതികളും അപ്പർകുട്ടനാടിനും ആവശ്യമാണെന്ന് നിർദ്ദേശിച്ചിരുന്നു. കുട്ടനാടിന്റെ കവാടമായ അപ്പർകുട്ടനാടിന് ലോവർ കുട്ടനാടിനെക്കാൾ പ്രാധാന്യത്തോടുകൂടി വെള്ളപ്പൊക്ക നിയന്ത്രണത്തിനും ജലജന്യരോഗങ്ങളിൽ നിന്ന് സ്ഥിരമായ സുരക്ഷ ഉണ്ടാകുന്നതിനും പദ്ധതികൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. കുട്ടനാട്ടിലേക്ക് ജലം എത്തുന്ന പ്രധാന നദികളായ പമ്പയാറിലെയും മണിമലയാറ്റിലെയും ജലം ആദ്യം ഒഴുകിയെത്തുന്ന പ്രദേശമാണ് അപ്പർകുട്ടനാട്. അതിനാൽത്തന്നെ മാലിന്യങ്ങളും എക്കലും ഏറ്റവുംകൂടുതൽ അടിയുന്നതിനാൽ തോടുകളിലെ ജലനിർഗമനങ്ങൾ തടസപ്പെട്ട് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രദേശമായി അപ്പർകുട്ടനാട് മാറി. ഇതിനെല്ലാം വിരുദ്ധമായി കുട്ടനാട് എന്നാൽ ആലപ്പുഴ ജിലയിലെയും കോട്ടയം ജില്ലയിലെയും പ്രദേശങ്ങൾ മാത്രമെന്നുള്ള രീതിയിലാണ് സർക്കാർ സമീപിക്കുന്നത്. കുട്ടനാടിന്റെ വികസനം സംബന്ധിച്ച ചർച്ചയിൽ പത്തനംതിട്ട ജില്ലയുടെ പ്രാതിനിധ്യം ഉണ്ടാകാറില്ല. ഇത്തരം ചർച്ചകളിൽ പത്തനംതിട്ട ജില്ലാ ഭരണകൂടത്തെയോ പൊതുപ്രവർത്തകരെയോ പങ്കെടുപ്പിക്കാത്തതും മുമ്പ് പലതവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.
അപ്പർകുട്ടനാടിന് പ്രത്യേക പാക്കേജ് വേണം
വെള്ളപ്പൊക്കത്തിന്റെ രൂക്ഷത എല്ലാക്കാലത്തും കൂടുതൽ അനുഭവിക്കുന്ന ജനവിഭാഗമാണ് അപ്പർകുട്ടനാട്ടിലേത്. മഴ വർദ്ധിച്ചതോടെ ഈവർഷത്തെ മഴക്കെടുതികൾ ഇപ്പോഴും ജനങ്ങൾ അനുഭവിക്കുകയാണ്. മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്ക് യാഥാർത്ഥ്യമാക്കാൻ തോടുകളുടെ ആഴംകൂട്ടലും നവീകരണവും ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
അപ്പർകുട്ടനാടൻ മേഖലയിലെ പഞ്ചായത്തുകൾ അതിജീവന പദ്ധതികളുടെ കാര്യത്തിലും പിന്നിലാണ്. കാർഷിക മേഖലയിലെ ആനുകൂല്യങ്ങളുടെ കാര്യത്തിലും ആരോഗ്യമേഖലയിലെ വികസനത്തിലും കടുത്ത അവഗണന നേരിടുന്നു. വർഷത്തിൽ പകുതിയിലധികം മാസങ്ങൾ വെള്ളത്താൽ ചുറ്റപ്പെടുന്ന വാസസ്ഥലങ്ങളും വഴികളും കൂടാതെ വെള്ളപ്പൊക്കത്താൽ ദുരിതമനുഭവിക്കുന്ന വലിയൊരു ജനവിഭാഗത്തെ സംരക്ഷിക്കുന്നതിനും കൈപിടിച്ചുയർത്തുന്നതിനും സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.