sabarimala-ward-
കോന്നി മെഡിക്കൽ കോളേജിൽ ആരംഭിച്ച ശബരിമല വാർഡ് കെ.യു. ജനീഷ്‌കുമാർ എം.എൽ.എ സന്ദർശിക്കുന്നു

കോന്നി: കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ശബരിമല വാർഡ് കെ.യു. ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശബരിമലയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജാണിത്. ശബരിമലയുടെ അടിസ്ഥാന മെഡിക്കൽ കോളേജ് എന്ന നിലയിൽ കോന്നിക്ക് വലിയ വികസന സാദ്ധ്യതയാണുള്ളതെന്ന് എം.എൽ.എ പറഞ്ഞു. . മെഡിക്കൽ കോളേജിൽ നിന്ന് ഒരു പ്രധാന പാത വട്ടമൺ- കുപ്പക്കര വഴി പയ്യനാമണ്ണിലെത്തി അച്ചൻകോവിൽ - പ്ലാപ്പള്ളി റോഡിന്റെ ഭാഗമാകും. ശബരിമലയിൽ നിന്ന് ആങ്ങമൂഴി - സീതത്തോട് - ചിറ്റാർ - തണ്ണിത്തോട് വഴി പയ്യനാമണ്ണിലെത്തി മെഡിക്കൽ കോളേജ് പാതയിലൂടെ ആശുപത്രിയിൽ എത്തിച്ചേരാം.നിലവിൽ കോട്ടയം മെഡിക്കൽ കോളേജിനെയാണ് ശബരിമല തീർത്ഥാടകർ ആശ്രയിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിലെ നാലാം വാർഡാണ് ശബരിമല വാർഡാക്കി മാറ്റിയത്.30 കിടക്കകളാണ് ക്രമീകരിച്ചിട്ടുള്ളത്. ആവശ്യമായ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കോന്നി മെഡിക്കൽ കോളേജിൽ ലഭ്യമായ പരമാവധി സൗകര്യങ്ങൾ മെഡിക്കൽ കോളേജ് വാർഡിനായി തയ്യാറാക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി,ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ:സി.വി.രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ വി കെ രഘു, ശ്രീകുമാർ, ഷീബ,രഘുനാഥ് ഇടത്തിട്ട തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.