പള്ളിക്കൽ : 2021- 22 വർഷത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള സുചിത്വ കിണർ, വിദ്യാർത്ഥികൾക്കുള്ള പഠനമുറി നിർമ്മാണമടക്കമുള്ള പദ്ധതികൾക്കുള്ള ഫണ്ട് വിതരണത്തിൽ രാഷ്ട്രീയ വിവേചനം കാണിക്കുന്നതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം പരാതിപ്പെട്ടു. രാഷ്ട്രീയ കാഴ്ചപാടുകളോടു കൂടി പഞ്ചായത്ത് അംഗങ്ങളോട് ഭരണസമിതി വിവേചനം കാണിക്കുകയാണ്. ജനക്ഷേമ -വികസന പ്രവർത്തനങ്ങളിൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് തുല്യത കാട്ടേണ്ട ഭരണസമിതിയാണ് ഇത്തരത്തിൽ പെരുമാറുന്നത്. മെയിന്റെനൻസ് ഫണ്ട് വിതരണത്തിൽ പോലും പ്രതിപക്ഷത്തോട് ചിറ്റമ്മ നയമാണ്. ഇതിൽ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ പാർലമെന്ററി പാർട്ടി പ്രസിഡന്റ് മുണ്ടപ്പള്ളിസുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ പ്രമോദ്, രഞ്ജിനി കൃഷ്ണകുമാർ, ദിവ്യാ അനീഷ്, റോസമ്മ സെബാസ്റ്റ്യൻ, കോൺഗ്രസ് പെരിങ്ങിനാട് മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻനായർ, പഴകുളം മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ മുണ്ടുതുറയിൽ, പള്ളിക്കൽ മണ്ഡലം പ്രസിഡന്റ് വാഴുവേലിൽ രാധാകൃഷ്ണൻ, കൃഷ്ണകുമാർ, തെങ്ങും താര വാർഡ് പ്രസിഡന്റ് സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.