തിരുവല്ല: താലൂക്ക് ആശുപത്രിയിൽ പുതിയ ഒ.പി. കെട്ടിടം നിർമ്മിക്കുന്നതിന് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി 20 ശതമാനം തുകയാണ് അനുവദിച്ചിരുന്നത്. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിക്ക് 5 നിലകളിലായി നിർമ്മിക്കുന്ന ഒ. പി ബ്ലോക്കിൽ ജനറൽ, സർജിക്കൽ, പീഡിയാട്രിക്ക്‌, ഗൈനക്കോളജി, ഇ.എൻ.റ്റി, ഡെന്റൽ, ഒഫ്താൽമോളജി, എന്നീ ഒ.പികളും ഇ.സി.ജി, എക്സ്-റേ, ലാബോറട്ടറികൾ, സ്കാനിംഗ് എന്നീ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള പുതിയ പ്ലാൻ അനുസരിച്ചാണ് നിർമ്മാണം തുടങ്ങുവാൻ ലക്ഷ്യമിടുന്നത്. ഫാർമസി, കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേകം സ്ഥലം, കാന്റീൻ എന്നീ സൗകര്യങ്ങളും പുതിയ ഒ.പി കെട്ടിടത്തിൽ ഉൾപ്പെടുത്തും.