കൊടുമൺ : എസ്.എൻ.ഡി.പി യോഗം 171ാം നമ്പർ അങ്ങാടിക്കൽ തെക്ക് ശാഖായോഗത്തിൽ അടുത്ത മൂന്നു വർഷത്തിനകം അഞ്ച് കോടിയുടെ വികസന പദ്ധതികൾക്ക് പൊതുയോഗം അംഗീകാരം നൽകി. സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളുകളുടെ നിരയിൽ അങ്ങാടിക്കൽ എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂളിനെ എത്തിക്കാനാണ് മാനേജുമെന്റിന്റെ ശ്രമം. ജീർണിച്ച കെട്ടിടങ്ങൾ മാറ്റി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ പണിത് മികച്ച ലബോറട്ടറികളും ലൈബ്രറിയും സ്ഥാപിക്കുക, മികച്ച ടൊയിലറ്റ് സൗകര്യങ്ങളും ശുദ്ധജല വിതരണവും നടപ്പിലാക്കുക ഐ.എസ്.ആർ.ഒ യുടെ സഹായത്തോടെ സ്ഥാപിച്ചിരിക്കുന്ന സ്‌പേസ് ലാബ് വിപുലപ്പെടുത്തുക, കളിസ്ഥലം നിർമ്മിക്കുക തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്കാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഇൗ മാസം അവസാനത്തോടെ സ്കൂളിന്റെ സപ്തതി ആഘോഷം തുടങ്ങാനാണ് തീരുമാനം. പൂർവ്വ വിദ്യാർത്ഥികൾ പി.റ്റി.എ, ശാഖായോഗ അംഗങ്ങൾ, മറ്റു വ്യക്തികൾ തുടങ്ങിയവർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇത് സംബന്ധിച്ച് സ്‌കൂൾ ഒാഡിറ്റോറിയത്തിൽ കൂടിയ ശാഖായോഗം പൊതുയോഗത്തിൽ സ്‌കൂൾ മാനേജർ രാജൻ ഡി.ബോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖായോഗം പ്രസിഡന്റ് രാഹുൽ മംഗലത്തിൽ, സെക്രട്ടറി ബിനു പുത്തൻ വിളയിൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. സി. പ്രകാശ് , എസ്.എൻ..ഐ.ടി മാനേജിംഗ് ഡയറക്ടർ എബിൻ ആമ്പാടിയിൽ, അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ, മുൻ മാനേജർമാരായ സി വി ചന്ദ്രൻ, എൻ. വിജയ രാജൻ എന്നിവരും ഭാനു ദാസൻ ,കെ.പി മദനൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ആന്റോ ആന്റണി എം.പി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബീനാ പ്രഭ, അഡ്വ. ആർ.ബി രാജീവ് കുമാർ എന്നിവർ രക്ഷാധികാരികളും സ്‌കൂൾ മാനേജർ രാജൻ ഡി. ബോസ് കൺവീനറുമായി നൂറ്റി ഒന്നംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
1951 ൽ കേരളകൗമുദി പത്രാധിപരുടെ നിർദ്ദേശത്തോടെയും സഹായത്തോടെയും സ്ഥാപിതമായ സ്‌കൂൾ 70 വർഷം പൂർത്തിയാവുകയാണ്. 100 വർഷം മുമ്പ് ശാഖായോഗത്തിന്റെ മാനേജുമെന്റിൽ ഉണ്ടായിരുന്ന അറന്തക്കുളങ്ങര എൽ.പി സ്‌കൂൾ അന്നത്തെ ഗവൺമെന്റ് നിർദ്ദേശപ്രകാരം ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു. ഇ.എസ്.എൽ.സി യും വി.എസ്.എൽ.സി യും നിലനിന്ന കാലമായിരുന്നു അത്. അങ്ങാടിക്കൽ നിവാസികൾക്ക് ഉപരിവിദ്യാഭ്യാസത്തിന് വിദൂരസാദ്ധ്യത മാത്രം ഉണ്ടായിരുന്ന അക്കാലത്ത് നാട്ടിലെ നാനാജാതി മതസ്ഥരുടെ സഹായത്തോടെയാണ് യു.പി സ്‌കൂളും ഹൈസ്‌കൂളും സ്ഥാപിതമായത്. 1994 ൽ വി.എച്ച്.എസ് സിയും 98 ൽ പ്ളസ്ടുവും അനുവദിച്ചുകിട്ടി. എയ്ഡഡ് മേഖലയിൽ ഇവ രണ്ടും കൂടി ഒരു കുടക്കീഴൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം സ്‌കൂളുകളിൽ ഒന്നാണിത്.