ചെങ്ങന്നൂർ: തുടർച്ചയായി ഉണ്ടാകുന്ന പ്രളയവും രൂക്ഷമായ തീരമിടിച്ചിലും മൂലം വലയുകയാണ് തീരവാസികൾ. 2018ലെ മഹാപ്രളയത്തിനു ശേഷമാണ് പമ്പയുടെയുടെയും അച്ചൻ കോവിലാറിന്റെയും തീരം അശാന്തമായി മാറിയത്. 2019 ലും 2020 ലും ശക്തമായ മഴയും രൂക്ഷമായ വെള്ളപ്പൊക്കവും ഉണ്ടായി. ഈ വർഷം ഇതുവരെ അടുത്തടുത്ത മാസങ്ങളിലായി മഹാ പ്രളയത്തിന് സമാനമായ ജലനിരപ്പാണ് രണ്ടു തവണ ഉയർന്നത്. തുടർച്ചയായ മഴയെ തുടർന്ന് കുത്തിയൊലിച്ചെത്തിയ ജലം വീടുകളിൽ കയറിയതിനൊപ്പം നദീതീരവും കവർന്നു.
പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളും വരട്ടാർ, ഉത്രപ്പള്ളിയാർ എന്നി പോഷകനദികളും ഉൾപ്പെട്ടതാണ് ചെങ്ങന്നൂർ താലൂക്ക്. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയോ ഉരുൾപൊട്ടലോ ഉണ്ടായാൽ ചെങ്ങന്നൂർ നിവസികളുടെ നെഞ്ചകം പിടയും. ഇവിടെ പെയ്യുന്ന മഴയുടെയും ഉരുൾപൊട്ടലിന്റെയും ദുരന്തം പേറേണ്ട ഗതികേടിലാണ് താലൂക്കിലെ ജനങ്ങൾ.
ദുരിതം തീരുന്നില്ല
ഇക്കുറി പ്രളയ ജലത്തിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിച്ചത് അച്ചൻ കോവിലാറിന്റെയും ഉത്രപ്പള്ളിയാറിന്റെയും തിരപ്രേദശമായ വെണ്മണി, ചെറിയനാട്, പുലിയൂർ പഞ്ചായത്തും പമ്പയുടെയും വരട്ടാറിന്റെയും തീരത്തെ തിരുവൻവണ്ടൂർ, പാണ്ടനാട് പഞ്ചായത്തും ചെങ്ങന്നൂർ നഗരസഭയിൽപ്പെട്ട ഇടനാടും ആയിരുന്നു. നൂറുകണക്കിന് കുടുംബങ്ങളിലെ രണ്ടായിരത്തിലധികം ആളുകളാണ് ഇവിടങ്ങളിൽ മാത്രം വീടുവിട്ട് ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നത്. മഴ ഒഴിഞ്ഞെങ്കിലും ഇപ്പോഴും ഇവിടങ്ങളിലെ ജനജീവിതം സാധാരണ ഗതിയിലായിട്ടില്ല.
അച്ചൻ കോവിലാറ്റിൽ പുന്തല മുതൽ കൊല്ലകടവ് വരെ തീരം ഇടിഞ്ഞുതാണു. പമ്പയിൽ ഇടനാട് മുതൽ കുത്തുയതോട് വരെയാണ് തീരങ്ങൾ ഇടിഞ്ഞുതാണത്. ഇനി ഒരു പ്രളയവും തീരമിടിച്ചിലും ഉണ്ടായാൽ നിരവധി വീടുകൾ നദി വിഴുങ്ങുന്ന അവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രളയജലം നിയന്ത്രിക്കാൻ നദീതീരങ്ങളിലെ ദുർബലമായ ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമ്മിക്കണം. ഇതോടൊപ്പം നദികളിൽ നിന്ന് നിയന്ത്രിത അളവിൽ മണൽ വാരിയും നദിയിലെ തടസങ്ങൾ നീക്കം ചെയ്തും ജലത്തിന്റെ ഒഴുക്ക് സുഗമമാക്കണം. തകർന്ന പുലിമുട്ടുകൾ പുനർ നിർമ്മിച്ചും ശാസ്ത്രീയമായ രീതിയിൽ നദിയെ പരിപാലിച്ചും പ്രളയത്തെ നിയന്ത്രണ വിധേയമാക്കുവാൻ സാധിക്കും. ഇതിന് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും സമയബന്ധിതമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം