sandeep

തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി കുത്തേറ്റ് മരിച്ചു. ചാത്തങ്കരി പുത്തൻ പറമ്പിൽ ബാലന്റെ മകൻ സന്ദീപ്കുമാറാണ് (36) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെ ചാത്തങ്കരി

എസ്.എൻ.ഡി.പി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്തുവച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. നെഞ്ചത്തും പുറത്തുമായി നിരവധി കുത്തേറ്റു. അക്രമണത്തിനു ശേഷം പ്രതികളെല്ലാം രക്ഷപ്പെട്ടു. ആർ.എസ്.എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. 11 കുത്തുകളാണ് ശരീരത്തിലുളളത്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് സന്ദീപ് മരിച്ചു. മദ്യപിച്ചെത്തിയ പ്രതികൾ സിഗരറ്റ് വാങ്ങിയ കടക്കാരനുമായി വാക്കേറ്റമുണ്ടായിരുന്നു. ഈ സമയം അതുവഴി വന്ന സന്ദീപ് തർക്കം പറഞ്ഞു തീർക്കാൻ ശ്രമിച്ചു. തുടർന്ന് വീട്ടി​ലേക്ക് മടങ്ങുന്ന വഴി​യി​ൽ ബൈക്കിൽ പി​ന്തുടർന്നെത്തി​യ ആക്രമി​കൾ ബൈക്കിൽ നിന്ന് തള്ളിയിട്ട ശേഷം ആക്രമി​ക്കുകയായി​രുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെരിങ്ങര പഞ്ചായത്ത് 13-ാം വാർഡ് മുൻ അംഗമാണ്. ഭാര്യ: സുനിത. അമ്മ : ഓമന. മക്കൾ: നിഹാൽ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെൺകുട്ടിയുണ്ട്.