ss

ശബരിമല : തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ പരമ്പരാഗതമായ നീലമലപാത തുറക്കാൻ സുരക്ഷാ ഓഡിറ്റ്. ശബരിമല എ.ഡി.എം അർജുൻ പാണ്ഡ്യന്റെ നിർദ്ദേശ പ്രകാരമാണ് വിവിധ സർക്കാർ വകുപ്പുകൾ പഠനം നടത്തി സുരക്ഷാ ഓഡിറ്റ് സമർപ്പിച്ചത്. ഫയർഫോഴ്സ് , പൊലീസ്, ദുരന്തനിവാരണ സേന, റവന്യൂ, വനം വകുപ്പുകൾക്ക് പാത തുറക്കലിനോട് അനുകൂല നിലപാടാണ്. എന്നാൽ ആരോഗ്യ വകുപ്പ് അനുകൂല റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. തീർത്ഥാടകരിൽ നല്ലൊരു ഭാഗവും കൊവിഡ് ബാധിച്ചവരായിരിക്കുമെന്നും മാസ്ക് ഉൾപ്പടെ ധരിച്ച് ഇവർക്ക് കുത്തനെയുള്ള നീലിമല കയറുമ്പോൾ ശ്വാസ തടസം ഉണ്ടാകുമെന്നും ഇതുമൂലം മരണങ്ങൾ ഉയരാൻ സാദ്ധ്യതയുണ്ടെന്നുമാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. വിവിധ വകുപ്പുകളുടെ സുരക്ഷാ ഓഡിറ്റ് റിപ്പോർട്ട് എ.ഡി.എം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശം അനുസരിച്ചായിരിക്കും അന്തിമ തീരുമാനം.

തീർത്ഥാടകർ കുറഞ്ഞു

എരുമേലിയിൽ നിന്ന് 22 കിലോമീ​റ്ററോളം നടന്ന് കാളകെട്ടിയും അഴുതയും കരിമലയും വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് പമ്പയിൽ എത്തി കുളികഴിഞ്ഞ് നീലിമലയും അപ്പാച്ചിമേടും മരക്കൂട്ടവും ശരംകുത്തിയുമൊക്കെ കടന്നെത്തുന്നതാണ് പരമ്പരാഗത തീർത്ഥാടന പാത. ഇതുവഴി യാത്രാവിലക്ക് ഏർപ്പെടുതിനാൽ തീർത്ഥാടകരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. പരമ്പരാഗത പാതകൾ വഴി വന്ന് ദർശനം നടത്തിയിരുന്ന ഒരു സംഘങ്ങളും ഇത്തവണ സന്നിധാനത്ത് എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പാതതുറക്കാൻ അനുമതി തേടി ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചത്.

തീർത്ഥാടകർക്ക് പരമ്പരാഗത പാത തുറന്ന് നൽകണമെന്നും എല്ലാ ആചാരാനുഷ്ഠാനങ്ങളും പാലിക്കപ്പെടണമെന്നുമാണ് ബോർഡിന്റെ ആഗ്രഹം. കൊവിഡാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണം. നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. അടിയന്തര നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അഡ്വ. കെ. അനന്തഗോപൻ

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്