പന്തളം: പഞ്ചസാര നിർമ്മാണത്തിലെന്ന പോലെ ശർക്കര നിർമ്മാണത്തിന്റെയും കേന്ദ്രമായിരുന്നു ഒരുകാലത്ത് പന്തളം. ഇപ്പോൾ പന്തളം കരിമ്പുവിത്തുത്പാദന കേന്ദ്രത്തിൽ മാത്രമാണ് ശർക്കര നിർമ്മാണമുള്ളത്.

മുടിയൂർക്കോണം, മണ്ണാകടവ് ,തുമ്പമൺ,കുരമ്പാല വടക്ക് എന്നിവിടങ്ങൾ കൂടാതെ സമീപ പ്രദേശങ്ങളായ കുളനട, നരിയാപുരം, വള്ളിക്കോട് ,വാഴമുട്ടം എന്നിവിടങ്ങളിലും സ്വകാര്യ വ്യക്തികൾ വൻതോതിൽ ശർക്കര നിർമ്മാണം നടത്തിയിരുന്നു.

മുമ്പ് വ്യാപകമായുണ്ടായിരുന്ന കരിമ്പു കൃഷി ഇല്ലാതായതാണ് സ്വകാര്യ കരിമ്പാട്ടു കേന്ദ്രങ്ങൾ നിന്നുപോകാൻ കാരണം. വിളഞ്ഞ കരിമ്പുകൾ വെട്ടി കെട്ടുകളാക്കി കൊണ്ടുവന്ന് പുലർച്ചെ 4 മുതൽ രാവി ലെ 9 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും ചക്കിൽ ആട്ടി ലഭിക്കുന്ന നീര് തിളപ്പിച്ച് പാനിയാക്കി ചെളി വെട്ടിമാറ്റി വള്ളത്തിൽ കോരിയൊഴിക്കും.പതിനെട്ടു കുടം നീരിന് ഒരു പാട്ട ശർക്കര എന്നതാണ് കണക്ക്. ആലുവാകരിമ്പ് നമ്പരുകരിമ്പ് എന്നിവയായിരുന്നു കൃഷി ചെയ്തിരുന്നത് .ആദ്യകാലങ്ങളിൽ കാളകളെ ഉപയോഗിച്ചാണ് ചക്ക് പ്രവർത്തിപ്പിച്ചിരുന്നതെങ്കിൽ പിൽക്കാലത്ത് ചില ഇടങ്ങളിൽ യന്ത്ര ചക്കുകളും സ്ഥാപിച്ചു. സമീപ സ്ഥലത്ത് ചെങ്ങന്നൂർ പാണ്ടനാട്ടും നരിയാപുരത്തും മാത്രമാണ് ഇപ്പോൾ പേരിനെങ്കിലും കുറച്ചു കരിമ്പു കൃഷിയുള്ളത്. മറ്റിടങ്ങളിലെല്ലാം റബർ കൃഷിയിലേക്കു കർഷകർ ചുവടു മാറ്റി.

മധുരിക്കുന്ന സ്മരണകൾ

അക്കാലത്തെ കാഴ്ചകളും ഏറെ രസകരമായിരുന്നു. കാളവണ്ടികളിലും, കൈവണ്ടികളിലും ,ലോറികളിലും മറ്റുമാണ് കരിമ്പാട്ടു കേന്ദ്രങ്ങളിലേക്ക ഷുഗർ മില്ലിലേക്കും കെട്ടുകളാക്കി കരിമ്പെത്തിച്ചിരുന്നത്. കാളവണ്ടിക്കാരന്റെയും കൈവണ്ടി വലിക്കുന്നവരുടെയും ലോറി ഡ്രൈവറുടെയും കണ്ണുവെട്ടിച്ച് വണ്ടികളുടെ പിന്നാലെ ചെന്ന് കരിമ്പു വലിച്ചെടുത്തു കൊണ്ടോടുന്ന കുട്ടികൾ സർവസാധാരണമായ കാഴ്ചയായിരുന്നു. . സ്‌കൂൾ ,കോളേജുകൾ എന്നിവ വിടുന്ന സമയങ്ങളിലും മറ്റും ക രിമ്പുകയറ്റിയ ലോറി ഷുഗർ മില്ലിലേക്ക് വന്നാൽ വാഹനത്തിലെ കരിമ്പ് കെട്ടിൽ നിന്ന് ഇവ വലിച്ചെടുത്ത് കൊണ്ടുപോകും, കരിമ്പ് വലിച്ചെടുക്കുന്നത് സ്ഥിരമായതോടെ ലോറികളുടെ പിൻഭാഗത്ത് പച്ചോല കെട്ടി റോഡിലേക്കിടും. ലോറിക്ക് പിന്നാലെ ഓടി കരിമ്പ് എടുക്കാൻ ശ്രമിച്ചാൽ ഓലയിൽ ചവിട്ടി വഴുതി വീഴും.

പന്തളത്തിന്റെ പഴയം ശർക്കര മഹാത്മ്യം ഇപ്പോൾ നിലനിറുത്തുന്നത് പന്തളം കരിമ്പുവിത്തുല്പാദന കേന്ദ്രമാണ്. അവിടെ ഉത്പാദിപ്പിക്കുന്ന 'പന്തളം ശർക്കര' ഇന്ന് കേരളമാകെ ഏറെ പ്രസിദ്ധമാണ്. മറയൂർ ശർക്കരയ്‌ക്കൊപ്പമോ അതിനു മുകളിലോ ഗുണമേന്മയുള്ളതാണ് പന്തളം ശർക്കരയെന്നാണ് അതുപയോഗിക്കുന്നവർ പറയുന്നത്.