പത്തനംതിട്ട : ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫലവൃക്ഷതൈകൾ ഉൽപ്പാദിപ്പിക്കും. ചെന്നീർക്കര പഞ്ചായത്ത് ഗവ. ഐടിഐ യിൽ 12 മദർ ബെഡുകൾ തയാറാക്കും. 12 ബെഡുകളിൽ നിന്നും 18000 തൈകൾ ഉൽപ്പാദിപ്പിക്കാനാണ് പദ്ധതി. എല്ലാ പഞ്ചായത്തുകളിലും 2500 പോളി ബാഗുകൾ വീതം തയാറാക്കി തൈകൾ വിതരണം ചെയ്യും. തേക്ക്, ഈട്ടി, ചന്ദനം, ആര്യവേപ്പ്, മാതളം, നീർമരുത്, പ്ലാവ് ഉൾപ്പെടെ 17 ഇനങ്ങളാണ് ഉൽപ്പാദിപ്പിക്കുന്നത്. പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിമാർ, സോഷ്യൽ ഫോറസ്റ്ററി ഉദ്യോഗസ്ഥർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനീയർമാർ, ഓവർസിയർമാർ എന്നിവരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി യോഗം ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഓഫീസർ സി.വി ബിജു നഴ്‌സറി രൂപീകരണത്തെക്കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ സി.പി രാജേഷ്‌കുമാർ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ അംബിരാജ് പത്മനാഭൻ എന്നിവർ സംസാരിച്ചു.