04-vazhathottam
ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി നശിപ്പിച്ച കൃഷിത്തോട്ടം

ചിറ്റാർ : ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ചിറ്റാർ ഈട്ടിച്ചുവട്ടിലും, വടശേരിക്കര അരീക്ക കാവിലുമാണ് ആന ഇറങ്ങി നാശം വിതച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് ഒറ്റയാൻ കൃഷിയിടത്തിൽ എത്തിയത്. അരീക്കകാവ് അറക്കൽ വീട്ടിൽ ശിവദാസ കൈമളുടെയും, കൊട്ടാരത്തിൽ സുരേഷിന്റെയും കൃഷിഭൂമിയിലെ കൃഷികളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. തേനീച്ച കൂടുകൾ ഉണ്ടായാൽ വന്ന്യമൃഗ ശല്യം കുറയുമെന്ന് അധികൃതർ പറയുമ്പോൾ ഈച്ച കൂടുകൾ ഉൾപ്പെടെയാണ് ആന നശിപ്പിച്ചത്. ഒന്നര ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചിട്ടുണ്ട്. പന്നി കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം ഏറെയാണ്. ഇത് നേരിടാൻ ബാങ്കിൽ നിന്നും ലക്ഷങ്ങൾ കടമെടുത്താണ് വേലികൾ തീർത്ത് കൃഷികൾ ചെയ്തിരുന്നതെന്ന് ശിവദാസകൈമൾ പറഞ്ഞു. വിളകൾ നശിച്ചതിന്റെ നഷ്ടപരിഹാരത്തിന് ശ്രമിച്ചാൽ തുച്ഛമായ പ്രതിഫലമാണ് ലഭിക്കുക. അപേക്ഷ കൊടുക്കാൻ ഉണ്ടാകുന്ന ചെലവിനു പോലും നഷ്ടപരിഹാര തുക തികയില്ല. അധികൃതർ അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം. ആനയെ ഉൾക്കാട്ടിലേക്ക് മടക്കി അയച്ചില്ലെങ്കിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകാനും സാദ്ധ്യത ഏറെയാണ്. ഈട്ടിച്ചുവട്ടിൽ പുത്തൻപുരക്കൽ മനോജിന്റെ വാഴകളും വ്യാപകമായി കാട്ടാനകൾ നശിപ്പിച്ചു.

പെരുനാട് കോളാമല, കുടമുരുട്ടി, കൊച്ചുകുളം ചണ്ണ, പെരുന്തേനരുവി, കുരുമ്പൻമൂഴി, വെച്ചൂച്ചിറ പെരുവ എന്നിവിടങ്ങളിലും കാട്ടാന കഴിഞ്ഞ കുറച്ചു നാളുകളായി വ്യാപമായി കൃഷി നശിപ്പിക്കുന്നുണ്ട്.