ചെങ്ങന്നൂർ: തിരുവല്ലയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ കല്ലിശേരി സ്വദേശിനിക്ക് മറ്റൊരു ബൈക്കിടിച്ച് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 10.30ന് എം.സി. റോഡിൽ കല്ലിശേരി പറയനക്കുഴി ഭാഗത്തായിരുന്നു അപകടം. സംഭവത്തിന് ശേഷം അപകടം ഉണ്ടാക്കിയ ആൾ ബൈക്ക് ഉപേക്ഷിച്ച് മറ്റൊരു ബൈക്കിൽ രക്ഷപ്പെട്ടു. പിന്നീട് യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ മൂക്കിന് പൊട്ടലേറ്റിട്ടുണ്ട്. മുഖത്ത് സാരമായി പരിക്കേറ്റു. മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്യവേയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നിഗമനം, നമ്പർ പ്ലേറ്റ് മടക്കി വച്ച നിലയിലായിരുന്നു. ചെങ്ങന്നൂർ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഊർജിതമായ അന്വേഷണം ആരംഭിച്ചതായും സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചു വരുന്നതായും പൊലീസ് പറഞ്ഞു.