
തിരുവല്ല: അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്തംഗവുമായ പി.ബി.സന്ദീപ് കുമാറിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചെറുപ്പത്തിൽത്തന്നെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച് ജനഹൃദയങ്ങളിൽ ഇടംനേടിയ സന്ദീപിന്റെ ദാരുണാന്ത്യം നാടിന് വിശ്വസിക്കാൻ കഴിയുന്നില്ല. വിലാപയാത്രയിൽ ആയിരങ്ങൾ അണിചേർന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി സി.പി.എം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫിസിലെത്തിച്ച ഭൗതിക ശരീരത്തിൽ നാടിന്റെ നാനാഭാഗങ്ങളിലുള്ള സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധിപ്പേർ അന്തിമോപചാരം അർപ്പിച്ചു. ഇവിടെ നിന്ന് പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ, സന്ദീപ് പഞ്ചായത്തംഗമായിരുന്ന പെരിങ്ങര പഞ്ചായത്ത് ഓഫിസിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. സന്ദീപിനെ ഒരുനോക്ക് കാണാനായി റോഡിന്റെ ഇരുവശങ്ങളിലും ആളുകൾ തടിച്ചുകൂടിയിരുന്നു. ജന്മനാട്ടിലെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി പെരിങ്ങരയിലെ സി.പി.എമ്മിന്റെ പാർട്ടി ഓഫിസിൽ മൃതദേഹം എത്തിച്ചു. അവിടെയും അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു. വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ വിലാപയാത്ര ചാത്തങ്കരി ഗ്രാമത്തിലെ സന്ദീപിന്റെ വീട്ടിലെത്തിച്ചേർന്നു. പിതാവ് ബാലനും മാതാവ് ഓമനയും ഭാര്യ സുനിതയും പിഞ്ചുമക്കളുമെല്ലാം അന്തിമോപചാരം അർപ്പിക്കുന്നത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, വി.എൻ.വാസവൻ, വീണാജോർജ് , പി.രാധാകൃഷ്‌ണൻ, എം.ഗോവിന്ദൻ മാസ്റ്റർ, എം.എൽ.എമാരായ മാത്യു ടി.തോമസ്, ജെനീഷ് കുമാർ, പ്രമോദ് നാരായണൻ, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹിം, സി.പി.എം നേതാക്കളായ എ.വിജയരാഘവൻ, കെ.ജെ.തോമസ്, പി.ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ആർ.സനൽകുമാർ, ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, ജില്ലാസെക്രട്ടേറിയറ്റംഗം അഡ്വ.കെ.ജി.രതീഷ്‌കുമാർ, ജനതാദൾ ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എൻ.എം.രാജു, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, മുൻ എം.പി സി.എസ്. സുജാത, മുൻ എം.എൽ.എ കെ.പത്മകുമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.