04-tvla-jishnu

തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ ചാത്തങ്കരി പുത്തൻപറമ്പിൽ പി.ബി സന്ദീപ്‌കുമാറിനെ വ്യാഴാഴ്ച രാത്രി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവമോർച്ച മുൻ ഭാരവാഹി തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), സി.പി.എം അനുഭാവി തിരുവല്ല കാവുംഭാഗം വേങ്ങൽ നന്ദുഭവനിൽ നന്ദു (24) എന്നിവരെ ആലപ്പുഴ കരുവാറ്റയിൽ നിന്ന് ഇന്നലെ പുലർച്ചെയും കണ്ണൂർ ചെറുപുഴ മരുതംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസലിനെ (22) പായിപ്പാട്ടെ ലോഡ്ജിൽ നിന്നും വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാറിനെ (അഭി -25) എടത്വയ്ക്ക് സമീപത്ത് നിന്നും ഇന്നലെ പകലുമാണ് അറസ്റ്രു ചെയ്തതത്.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ചാത്തങ്കരി എസ്.എൻ.ഡി.പി സ്‌കൂളിന് സമീപം സന്ദീപ്കുമാറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. വയലിന് സമീപത്തെ കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ പ്രതികൾ സംഘം ചേർന്നെത്തി ആക്രമിക്കുകയായിരുന്നു. സന്ദീപിനൊപ്പം ഉണ്ടായിരുന്ന മൂന്നുപേരെ ഇവർ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി ഓടിച്ചു. പിന്നീട് പ്രധാന പ്രതി ജിഷ്ണു സന്ദീപിനെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വെട്ടുകയായിരുന്നു. വയലിലെ വെള്ളക്കെട്ടിൽ തള്ളിയശേഷം പ്രതികൾ രക്ഷപ്പെട്ടു. നാട്ടുകാർ സന്ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സന്ദീപിന്റെ നെ‌ഞ്ചിൽ ഒമ്പത് കുത്തേറ്റിട്ടുണ്ട്. ആകെ 18 മുറിവുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. നെഞ്ചിലേറ്റ നാല് ആഴത്തിലുള്ള മുറിവുകളാണ് മരണകാരണം. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കഠാര, വടിവാൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. സന്ദീപിന്റെ സംസ്കാകരം ഇന്നലെ വൈകിട്ട് ചാത്തങ്കരി പുത്തൻപറമ്പിൽ വീട്ടുവളപ്പിൽ നടത്തി.

രാഷ്ട്രീയ പകപോക്കലാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും മുൻ വൈരാഗ്യമാണ് കാരണമെന്നും പൊലീസ് പറയുന്നു. പ്രതികൾ എല്ലാവരും ഒരു വർഷത്തിനിടെ ഭവനഭേദനം അടക്കം കുറ്റങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജിഷ്ണുവിന് സന്ദീപിനോടുളള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജിഷ്ണു നേരത്തെ യുവമോർച്ച പെരിങ്ങര പഞ്ചായത്ത് സമിതി പ്രസിഡന്റ് ആയിരുന്നു. പുളിക്കീഴ് ബിവറേജസ് ഗോഡൗണിൽ ജിഷ്ണുവിന്റെ അമ്മയ്ക്കുള്ള താൽകാലിക ജോലി നഷ്ടപ്പെടുത്താൻ സന്ദീപിന്റെ നേതൃത്വത്തിൽ നീക്കം നടന്നെന്നും ഇതിൽ വൈരാഗ്യം ഉണ്ടായിരുന്നെന്നുമാണ് ജിഷ്ണു ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്.