റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചെത്തോങ്കര മുതൽ എസ്.സി പടിവരെയുള്ള ദുരിത യാത്രയ്ക്ക് അറുതിയില്ല. തോടിന്റെ വശം ഉയർത്തി കെട്ടി റോഡിൽ മണ്ണിട്ട് ഉയർത്തുന്ന ജോലികളാണ് എങ്ങുമെത്താതെ കിടക്കുന്നത്. ചെത്തോങ്കര മുതൽ എസ്.സി പടിവരെയുള്ള യാത്ര കുണ്ടും കുഴിയും നിറഞ്ഞതാണ്. രണ്ടു കിലോമീറ്ററോളം വരുന്ന റോഡ് പൂർണമായും തകർന്നുകിടക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ പലപ്പോഴും കുഴികളിൽ വീഴുന്നത് പതിവാണ്. സംസ്ഥാന പാതയിൽ റാന്നി ടൗണിലെ ഏതാണ്ട് ആദ്യഘട്ട പണികൾ അവസാനിച്ചു വരുമ്പോഴും ഈ ഭാഗത്തെ പണികൾ എങ്ങുമെത്താതെ കിടക്കുന്നത് യാത്രക്കാരെ വലക്കുന്നുണ്ട്. മന്ദമരുതി, പ്ലാച്ചേരി ,എരുമേലി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് ഏറെയും ദുരിതം. ചെറുവാഹനങ്ങൾ ഏറെപണിപ്പെട്ടാണ് ഈ ഭാഗം കടന്നു പോകുന്നത്. റോഡിൽ കുഴിയില്ലാത്ത ഒരുഭാഗവും ഇല്ലെന്നതാണ് സ്ഥിതി. റോഡിന്റെ പണി അനന്തമായി നീളുന്നതിൽ ജനങ്ങൾക്കും അമർഷമുണ്ട്. എത്രയും വേഗം റോഡിന്റെ ബാക്കി പണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കി നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം.