തിരുവല്ല: കവിയൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.എം - ബി.ജെ.പി സംഘർഷത്തെ തുടർന്ന് കല്ലേറിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. കെ.എ.പി. ബറ്റാലിയനിലെ അനീഷിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെ ബാങ്കിന് മുന്നിലാണ് സംഭവം. വോട്ടെടുപ്പ് തുടങ്ങിയപ്പോൾ മുതൽ കള്ളവോട്ടിനെ ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ മാറ്റി. ഉച്ചയ്ക്കുശേഷം ചിലർ വോട്ടുചെയ്യാനെത്തിയപ്പോൾ കള്ളവോട്ടാണെന്ന് ആരോപിച്ച് ബി.ജെ.പിക്കാർ തടഞ്ഞതാണ് സംഘർഷമുണ്ടാക്കിയത്. തുടർന്ന് പൊലീസ് ഇരുപക്ഷത്തെയും ബാങ്കിന് പുറത്തിറക്കി. ഇതിനിടെ ബാങ്കിന് മുന്നിൽ നിന്നിരുന്ന പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതു തടയാനെത്തിയപ്പോഴാണ് പൊലീസുകാരനായ അനീഷിന് കല്ലേറിൽ പരിക്കേറ്റതെന്ന് തിരുവല്ല ഡിവൈ.എസ്.പി. ടി. രാജപ്പൻ പറഞ്ഞു. കണ്ണിന്റെ ഭാഗത്ത് മുറിവേറ്റ അനീഷ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.